'മീന്‍പിടിത്തം വിനോദമല്ല, പലരും അരിവാങ്ങാന്‍ വേണ്ടിയാണ് അത് ചെയ്യുന്നത്'; ചൂണ്ടയിടല്‍ മല്‍സര വിവാദത്തില്‍ ഡിവൈഎഫ്ഐയുടെ മറുപടി

'മീന്‍പിടിത്തം വിനോദമല്ല, പലരും അരിവാങ്ങാന്‍ വേണ്ടിയാണ് അത് ചെയ്യുന്നത്'; ചൂണ്ടയിടല്‍ മല്‍സര വിവാദത്തില്‍ ഡിവൈഎഫ്ഐയുടെ മറുപടി

മല്‍സ്യം പിടിക്കുന്നവരോടും വില്‍ക്കുന്നവരോടും ഭ്രഷ്ട് കാണിക്കുന്നതിന് കാരണം ജാതിബോധമാണ്

കൊച്ചി: കൂത്തുപറമ്പ് രക്തസാക്ഷിദിനത്തോടനുബന്ധിച്ചുള്ള ചൂണ്ടയിടല്‍ മല്‍സര വിവാദത്തില്‍ മറുപടിയുമായി ഡിവൈഎഫ്ഐ. ചൂണ്ടയിടുന്നത് കീഴാളന്റെ തൊഴിലാണെന്നും അതിനെ പരിഹസിക്കുന്ന പിസി വിഷ്ണുനാഥ്, അനില്‍ അക്കര അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടേത് സവര്‍ണബോധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം പറഞ്ഞു.
 
മല്‍സ്യം പിടിക്കുന്നവരോടും വില്‍ക്കുന്നവരോടും ഭ്രഷ്ട് കാണിക്കുന്നതിന് കാരണം ജാതിബോധമാണ്. ഡിവൈഎഫ്ഐ മണ്ണിന്റെ മണം സൂക്ഷിക്കുന്ന മനുഷ്യരുമായി കൂടുതല്‍ ബന്ധം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ്. മീന്‍പിടിത്തം വിനോദമല്ല, പലരും അരിവാങ്ങാന്‍ വേണ്ടിയാണ് അത് ചെയ്യുന്നത്.

കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന് മാത്രമല്ല, മറ്റ് പരിപാടികളിലും ഇത്തരം വ്യത്യസ്തമായ പരിപാടികള്‍ ഡിവൈഎഫ്ഐ യൂണിറ്റുകള്‍ സംഘടിപ്പിക്കാറുണ്ട്. അതിനൊന്നും കേന്ദ്രീകൃത സ്വഭാവം ഉണ്ടാവില്ല. അവരവരുടെ പ്രദേശത്തിന്റെ പ്രത്യേകതകളുള്ള പരിപാടികളാകും പലരും സംഘടിപ്പിക്കുക. രക്തസാക്ഷിദിനത്തോടനുബന്ധിച്ച് നടന്ന പല മല്‍സരങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും ചൂണ്ടയിടല്‍ മാത്രം അടര്‍ത്തിമാറ്റിയെടുത്ത് പരിഹരിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്നും റഹിം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com