ഡിസംബര്‍ 26ന് ആകാശ വിസ്മയമായി വലയ സൂര്യ ഗ്രഹണം; സാക്ഷിയാവാന്‍ കേരളവും
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th November 2019 12:45 PM |
Last Updated: 19th November 2019 12:45 PM | A+A A- |

ഫയല്‍ ചിത്രം
കാസര്‍ക്കോട്: ഡിസംബര്‍ 26ന് സംഭവിക്കുന്ന വലയ സൂര്യഗ്രഹണം എന്ന ആകാശ വിസ്മയത്തിന് സാക്ഷിയാവാന്‍ കേരളം. ഈ ഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്നാണ് കാസര്‍ക്കോടു ജില്ലയിലെ ചെറുവത്തൂര്‍ ആണ്. മംഗലാപുരം മുതല്‍ ബേപ്പൂര്‍ വരെയുള്ള മേഖലകളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാവും.
ഇന്ത്യയില്‍ ആദ്യം ദൃശ്യമാകുന്ന പ്രദേശമായ ചെറുവത്തൂരിലെ കാടങ്കോട്ട് പൊതുജനങ്ങള്‍ക്ക് ഗ്രഹണം നിരീക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വിധ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. രാവിലെ 8.04ന് ആരംഭിക്കുന്ന ഭാഗിക ഗ്രഹണം 9.25ന് പൂര്‍ണതയിലെത്തും. മൂന്ന് മിനുട്ട് 12 സെക്കന്‍ഡ് വരെ തുടരുന്ന പൂര്‍ണ വലയ ഗ്രഹണം 11.04ന് അവസാനിക്കും.
ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെ ആരംഭിക്കുന്ന ഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമാവുക ചെറുവത്തൂരിലായിരിക്കുമെന്നും പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകളാല്‍ വളരെ വ്യക്തമായി ഗ്രഹണം ഇവിടെ നിന്നും കാണാന്‍ സാധിക്കുമെന്നും വലയ ഗ്രഹണ നിരീക്ഷണത്തിന് സാങ്കേതിക സൗകര്യമൊരുക്കാന്‍ തയ്യാറായിട്ടുള്ള സ്‌പേസ് ഇന്ത്യ സിഎംഡി സച്ചിന്‍ ബാംബ പറഞ്ഞു.
കണ്ണൂര്‍, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂര്‍, പേരാവൂര്‍, മീനങ്ങാടി, ചുള്ളിയോട് എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ ദൃശ്യമാകുന്ന ഗ്രഹണം തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലുടെയും കോട്ടൈപ്പട്ടണത്തിലൂടെയും കടന്ന് ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ദൃശ്യമാവും.
ചുരുങ്ങിയ സമയം മാത്രം ദൃശ്യമാവുന്ന വലയ സൂര്യഗ്രഹണം നഗ്‌നനേത്രങ്ങളാല്‍ ദര്‍ശിക്കാന്‍ പാടില്ല. പൂര്‍ണ ഗ്രഹണ സമയത്ത് ഇരുട്ടാവുന്നതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങി നഗ്‌ന നേത്രങ്ങള്‍ കൊണ്ട് സൂര്യനെ നോക്കുകയും, മിനുട്ടുകള്‍ക്കകം പൂര്‍ണ ഗ്രഹണം അവസാനിച്ച് സൂര്യരശ്മികള്‍ കണ്ണിലേക്ക് നേരിട്ടെത്തുകയും ചെയ്യും. പ്രകാശമില്ലാത്ത സമയത്ത് നേത്ര ഭാഗങ്ങള്‍ വികസിക്കുന്നതിനാല്‍ പൂര്‍ണ ഗ്രഹണത്തിന് ശേഷം പെട്ടെന്ന് തന്നെ വലിയ അളവില്‍ സൂര്യരശ്മികള്‍ പതിക്കുന്നത് കാഴ്ചയെ പ്രതികൂലമായി ബാധിക്കും. ഇത് തടയുന്നതിനായി ശാസ്ത്രീയമായി മാത്രമേ ഗ്രഹണം നിരീക്ഷിക്കാന്‍ പാടുള്ളുവെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു.
ഗ്രഹണ നിരീക്ഷണത്തിനായി പൊതുജനങ്ങള്‍ക്ക് ചെറുവത്തൂരിലെ കാടങ്കോട്ട് ശാസ്ത്രീയ സംവിധാനമൊരുക്കുമെന്നും വിദ്യാര്‍ത്ഥികളും വാനനിരീക്ഷകരടക്കമുള്ളവര്‍ക്ക് സൗകര്യം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.