മുസ്ലീം തീവ്രവാദ സംഘടന എന്ന് പറഞ്ഞാല്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ആര്‍ക്കാണ് അറിയാത്തത്?; വിശദീകരണവുമായി പി മോഹനന്‍

പൊതുപ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത് പോപ്പുലര്‍ ഫ്രണ്ടിനും എന്‍ഡിഎഫിനും എതിരെയാണ്
മുസ്ലീം തീവ്രവാദ സംഘടന എന്ന് പറഞ്ഞാല്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ആര്‍ക്കാണ് അറിയാത്തത്?; വിശദീകരണവുമായി പി മോഹനന്‍

കോഴിക്കോട്:  മാവോയിസ്റ്റുകളെ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പിന്തുണയ്ക്കുന്നതായുളള വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. പൊതുപ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത് പോപ്പുലര്‍ ഫ്രണ്ടിനും എന്‍ഡിഎഫിനും എതിരെയാണ്. അല്ലാതെ മറ്റു വ്യാഖ്യാനങ്ങള്‍ ശരിയല്ല. മാവോയിസ്റ്റുകളെ സംബന്ധിച്ച് എന്‍ഡിഎഫിന്റെ നിലപാടാണോ മുസ്ലീം ലീഗിന്റേത് എന്ന് അവര്‍ വ്യക്തമാക്കണമെന്നും പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നിലപാടിനെ സ്വാഗതം ചെയ്ത ബിജെപിയുടെ സമീപനം നല്ല ഉദ്ദേശത്തോടെ ഉളളതല്ലെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ നിലപാടിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്.പൊതുപ്രസംഗത്തില്‍ വിമര്‍ശനമാക്കിയത് തീവ്രവാദ സംഘടനകളെയാണ്. മുസ്ലീം തീവ്രവാദ സംഘടന എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത് അത് എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന്. അവരെയാണ് തീവ്രവാദ സംഘടന എന്ന നിലയില്‍ കാണുന്നത്.അല്ലാതെ മറ്റു വ്യാഖ്യാനങ്ങളിലേക്ക് പോകേണ്ടതില്ല. മുസ്ലീം സമുദായത്തില്‍ നല്ല ജനപിന്തുണയുളള സാമുദായിക സംഘനകളും രാഷ്ട്രീയ പാര്‍ട്ടികളും തീവ്രവാദത്തെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുളളത്. ലീഗ് ചില സന്ദര്‍ഭങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. സാമുദായിക സംഘടനകള്‍ ഈ തീവ്രവാദത്തിന് എതിരാണ്. ചുരുക്കം ചിലരുടെ പിന്തുണ മാത്രമാണ് എന്‍ഡിഎഫിനും പോപ്പുലര്‍ ഫ്രണ്ടിനും ഉളളത്. അതിനെയാണ് ഞാന്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചതെന്നും പി മോഹനന്‍ പറഞ്ഞു.

ഇസ്ലാമിക തീവ്രവാദം എല്ലാവരും ഉപയോഗിക്കുന്ന വാക്കാണ്. സാര്‍വദേശീയ തലത്തില്‍ ഐഎസ്.ഇന്ത്യയില്‍ വരുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ്. ഹിന്ദുത്വ  തീവ്രവാദം എന്ന വാക്കും പൊതുവായി ഉപയോഗിക്കാറുണ്ട്. ഇത് രാജ്യത്തെ കോടാനുകോടി വരുന്ന ജനങ്ങള്‍ക്ക് ബാധകമാണോ എന്നും മോഹനന്‍ ചോദിച്ചു.ചുരുക്കം ചിലരുടെ പിന്തുണ മാത്രമുളള ആര്‍എസ്എസ് പോലുളള സംഘടനകള്‍ക്ക് മാത്രമാണ് ഇത് ബാധകമാകുക. നക്‌സലൈറ്റ് സംഘടനകളുടെ തലപ്പത്ത് ഇരുന്ന പലരും പോപ്പുലര്‍ ഫ്രണ്ട്,എസ്ഡിപിഐ പോലുളള സംഘടനകളില്‍ ഉണ്ട്. ഇത് നിര്‍ദോഷമായ ബാന്ധവമാണെന്ന് പറയാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

മുസ്ലീം തീവ്രവാദ സംഘടനകളെ സാമ്രാജ്വത്വ വിരുദ്ധ ശക്തികളായാണ് മാവോയിസ്റ്റുകള്‍ കാണുന്നത്.ഇവരുമായി ചങ്ങാത്തം വേണമെന്നാണ് മാവോയിസ്റ്റ് സംഘടന നേതൃത്വത്തിന്റെ നിലപാട്. മാവോയിസ്റ്റുകളെ സംബന്ധിച്ച് എന്‍ഡിഎഫിന്റെ അതേ നിലപാടാണോ ലീഗിന് . അങ്ങനെയെങ്കില്‍ ഇക്കാര്യം അവര്‍ വ്യക്തമാക്കണം. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്നും പി മോഹനന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com