ശബരിമല കയറാന്‍ ഓണ്‍ലൈനായി അപേക്ഷിച്ചത് നാനൂറോളം യുവതികള്‍; കേരളത്തില്‍ നിന്നും ആരുമില്ല

ആന്ധ്രാപ്രദേശില്‍നിന്ന് ഇരുനൂറോളം യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശബരിമല കയറാന്‍ ഓണ്‍ലൈനായി അപേക്ഷിച്ചത് നാനൂറോളം യുവതികള്‍; കേരളത്തില്‍ നിന്നും ആരുമില്ല


തിരുവനന്തപുരം; ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി വെര്‍ച്വല്‍ ക്യൂവില്‍ ഓണ്‍ലൈനായി ചൊവ്വാഴ്ചവരെ ബുക്ക്‌ചെയ്തത് നാനൂറോളം യുവതികള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ബുക്ക് ചെയ്ത മുഴുവന്‍ പേരും. മണ്ഡലകാലത്തേക്ക് ദര്‍ശനം നടത്തുന്നതിനായി ഇതിനോടകം 9.6 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ആന്ധ്രാപ്രദേശില്‍നിന്ന് ഇരുനൂറോളം യുവതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് നൂറ്റി എണ്‍പതോളം പേരും. തെലങ്കാന, ഒഡിഷ, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുള്ള ഏതാനും സംഘങ്ങള്‍ക്കൊപ്പം യുവതികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. എന്നാല്‍ 50 വയസ്സില്‍ താഴെയുള്ള മലയാളി സ്ത്രീകളാരും ബുക്ക് ചെയ്തിട്ടില്ല.

യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിച്ച സാഹചര്യത്തില്‍ സ്ത്രീകളെ ദര്‍ശനത്തിന് അനുവദിക്കേണ്ട എന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനാല്‍ പ്രവേശനം നടത്താന്‍ എത്തുന്ന യുവതികളെ തിരിച്ചയയ്ക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍നിന്ന് സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ശബരിമല ദര്‍ശനം സുഗമമാക്കാനായുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഇത്തവണ തമിഴ്‌നാട്ടില്‍നിന്നാണ് ഏറ്റവുമധികം ബുക്കിങ്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നതിനെക്കാള്‍ മൂന്നോ നാലോ ഇരട്ടി ഭക്തര്‍ ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com