'ചീര കഴിച്ചാൽ ഡോറയുടേതു പോലെ മുടി വളരുമെന്ന് കുട്ടികളോട് പറയു; അടുക്കളയിലെ പാചകം അച്ഛനും അമ്മയും ഒരുമിച്ചാകട്ടെ'

സൗകര്യമനുസരിച്ച് അച്ഛനും അമ്മയ്ക്കും ഒരുപോലെ പാചകത്തിൽ പങ്കുവഹിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്
'ചീര കഴിച്ചാൽ ഡോറയുടേതു പോലെ മുടി വളരുമെന്ന് കുട്ടികളോട് പറയു; അടുക്കളയിലെ പാചകം അച്ഛനും അമ്മയും ഒരുമിച്ചാകട്ടെ'

കൊച്ചി: സൗകര്യമനുസരിച്ച് അച്ഛനും അമ്മയ്ക്കും ഒരുപോലെ പാചകത്തിൽ പങ്കുവഹിക്കാമെന്ന് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ്. വിഭവങ്ങളുടെ രുചിയേറ്റാൻ അല്പം സ്നേഹവും കൂടി ചേർത്താൽ മതി. കുട്ടികളുടെ ആരോഗ്യം മുൻനിർത്തി ഈ ആശയം പരമാവധി പ്രചരിപ്പിക്കാനുള്ള യത്നത്തിലാണ് വകുപ്പ്.

ഒന്നിച്ചുള്ള പാചകം, വിരസത അകറ്റാനും സർഗാത്മകമായി പുതിയ വിഭവങ്ങൾ പരീക്ഷിക്കാനും സഹായിക്കും. സമയമുള്ളപ്പോൾ പാചകത്തിന് കുട്ടികളെയും ഒപ്പം കൂട്ടാം. അവരറിയട്ടെ, പച്ചക്കറികളും പഴങ്ങളും എങ്ങനെയാണ് അവരുടെ ശക്തി മരുന്ന് ആകുന്നതെന്ന്.

കുഞ്ഞുങ്ങൾ വാശിക്കാരാണ്. ഇഷ്ടമുള്ളത് കിട്ടിയേ തീരൂവെന്ന് വാശി പിടിക്കും. അപ്പോളവരെ ഉപദേശിച്ചിട്ടും വലിയ പ്രയോജനമില്ല. ജങ്ക് ഫുഡ് കഴിക്കരുത്, അസുഖമുണ്ടാകും എന്നൊക്കെ നമ്മൾ പറഞ്ഞാലും അതിന്റെ സ്വാദ് മാത്രമേ അവർക്ക് അപ്പോൾ ഓർമയുണ്ടാകൂ.

മുതിർന്നവരാകുമ്പോൾ, ‘അയ്യോ എന്റെ പോക്കറ്റ് കാലിയാകുമല്ലോ, എന്റെ ആരോഗ്യം പോകുമല്ലോ, പൊണ്ണത്തടി വെക്കുമല്ലോ’ എന്നെങ്കിലും ചിന്തിക്കും. എന്നാൽ കുട്ടികൾക്ക് ഈ ചിന്തകളൊന്നുമില്ല. കുട്ടികൾ അനാരോഗ്യകരമായി തടിവെച്ച്, ഉറക്കം തൂങ്ങിയിരിക്കുന്നത് നമുക്ക് അത്ര ഇഷ്ടപ്പെടില്ലല്ലോ. അതുകൊണ്ട് പ്രതിവിധി മുതിർന്നവർതന്നെ കാണണം’- വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

കുട്ടികൾ ആരോ​ഗ്യത്തോടെ വളരാൻ അവർക്ക് ജങ്ക് ഫുഡുകൾ കൊടുത്ത് ശീലിപ്പിക്കാതിരിക്കുക. ജങ്ക് ഫുഡ് കൊടുക്കുകയാണെങ്കിൽത്തന്നെ അത് സ്ഥിരമാക്കരുത്. ഇടവേളകൾ എത്രയും കൂട്ടാമോ അത്രയും കൂട്ടുക. 

വീട്ടിലുണ്ടാക്കിയ ഭക്ഷണം കൊടുക്കുമ്പോൾ അതുകൊണ്ട് എന്തൊക്കെ ഗുണമാണെന്ന് പറഞ്ഞുകൊടുക്കുക. ഉദാഹരണത്തിന് പാവയ്ക്ക കുറച്ച് കഴിച്ചാൽത്തന്നെ ശക്തിമാൻ ആകാമെന്നോ ചീര കഴിച്ചാൽ ഡോറയുടേതു പോലെ മുടി വളരുമെന്നോ ഒക്കെ പറയുക

ജങ്ക് ഫുഡ് കഴിക്കുമ്പോൾ ശക്തിമാന്റെ ശക്തി എങ്ങനെ കുറയുമെന്നും വേണമെങ്കിൽ പറഞ്ഞു കൊടുക്കാം. കുട്ടികൾക്ക് ഇഷ്ടമുള്ള സൂപ്പർ ഹീറോകൾ ജങ്ക് ഫുഡ് കഴിക്കാറില്ല എന്നുപറഞ്ഞ് കൊടുക്കാം. എല്ലാ ദിവസവും ഒരേ ഭക്ഷണം ആവർത്തിക്കാതെ വ്യത്യസ്തത കൊണ്ടുവരാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com