'ഭൂരിപക്ഷ വാദത്തോട് സന്ധി ചെയ്യുന്നു' ; സുപ്രിംകോടതിക്കെതിരെ പ്രകാശ് കാരാട്ട്

എക്‌സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും  ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് കാരാട്ട്
'ഭൂരിപക്ഷ വാദത്തോട് സന്ധി ചെയ്യുന്നു' ; സുപ്രിംകോടതിക്കെതിരെ പ്രകാശ് കാരാട്ട്


ന്യൂഡല്‍ഹി : സുപ്രിംകോടതിക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് പ്രകാശ് കാരാട്ട്. പാര്‍ട്ടി മുഖപത്രം ദേശാഭിമാനിയിലെ പ്രത്യേക കോളത്തിലാണ് പരമോന്നത കോടതിക്കെതിരെ കാരാട്ട് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സുപ്രിംകോടതി ഭൂരിപക്ഷങ്ങള്‍ക്കായി സന്ധി ചെയ്യുന്നുവെന്ന് കാരാട്ട് ലേഖനത്തില്‍ വിമര്‍ശിച്ചു. അയോധ്യ, ശബരിമല വിധിയുടെ പശ്ചാത്തലത്തിലാണ് കാരാട്ടിന്റെ വിമര്‍ശനം.

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാലത്ത്, പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോടതി ഭൂരിപക്ഷത്തിന് സന്ധി ചെയ്തു, എക്‌സിക്യൂട്ടീവിന് വഴങ്ങിയെന്നും കാരാട്ട് കുറ്റപ്പെടുത്തുന്നു. അയോധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ  വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ്. വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ് വിധിന്യായത്തിന്റെ ആകെത്തുക.

ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് കരുത്തുനല്‍കുകയും ചെയ്യുമെന്നും ലേഖനത്തില്‍ കാരാട്ട് മുന്നറിയിപ്പ് നല്‍കുന്നു. ശബരിമല വിധിയേയും കാരാട്ട് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങളേക്കാള്‍ വിശ്വാസത്തിനാണ് കോടതി പ്രാമുഖ്യം നല്‍കിയത്.

പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതിനുള്ള സാധാരണ നടപടിക്രമത്തിനു വിരുദ്ധമായി ഭൂരിപക്ഷ വിധിന്യായം, കോടതിയുടെ മറ്റ് ബെഞ്ചുകള്‍ പരിഗണിച്ചുവരുന്ന പൊതുവിഷയങ്ങള്‍ വിപുലമായ ഒരു ഏഴംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്. പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പുകല്‍പ്പിക്കാതെ വയ്ക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ബെഞ്ച് ചെയ്യേണ്ടത് പുതിയതും പ്രധാനവുമായ തെളിവ് ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിക്കലാണ്.

അതല്ലെങ്കില്‍ റെക്കോഡുകളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിലും പുനഃപരിശോധന അനുവദിക്കാം. അതു ചെയ്യുന്നതിനു പകരം ഭൂരിപക്ഷ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വളഞ്ഞ വഴിയിലൂടെ ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപരമായ വിധിന്യായത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ്. കോടതി വിധിന്യായം നല്‍കുന്നത് താമസിപ്പിക്കുന്നത് ജുഡീഷ്യല്‍ ഒഴിഞ്ഞുമാറലിനു തുല്യമാണ്. തെറ്റായ നയങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ഇത് ഗവണ്‍മെന്റിന് അഥവാ എക്‌സിക്യൂട്ടീവിന് വഴിയൊരുക്കും.

സുപ്രീംകോടതിയുടെ ഈ വീഴ്ചയ്ക്കു കാരണം ഒരു ചീഫ് ജസ്റ്റിസിന്റെയോ ഏതാനും ജഡ്ജിമാരുടെയോ വ്യതിചലനം മാത്രമല്ല, ഗവണ്‍മെന്റിന്റെ ബോധപൂര്‍വമായ ശ്രമത്തിന്റെ ഉല്‍പ്പന്നമാണിത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയ്ക്ക് മോദി സര്‍ക്കാര്‍ ജഡ്ജിമാരുടെ നിയമനക്കാര്യത്തിലും വിവിധ ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസായി പ്രൊമോഷന്‍ നല്‍കുന്ന കാര്യത്തിലും ഇടപെട്ടുവരികയാണ്. രാഷ്ട്രത്തിലെ എല്ലാ സ്ഥാപനങ്ങളിലും ഹിന്ദുത്വ പ്രത്യയശാസ്ത്രം നുഴഞ്ഞുകയറ്റം നടത്തുകയാണ്. സുപ്രീംകോടതിയും ഇതില്‍നിന്നും അന്യമല്ല. എക്‌സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളില്‍ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്നും കാരാട്ട് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com