വാളയാര്‍ കേസില്‍ ജ്യൂഡിഷ്യല്‍ അന്വേഷണം;  പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കും

വിജിലന്‍സ്  ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുക
വാളയാര്‍ കേസില്‍ ജ്യൂഡിഷ്യല്‍ അന്വേഷണം;  പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച പരിശോധിക്കും

തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. വിജിലന്‍സ്  ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ് ഹനീഫയ്ക്കാണ് അന്വേഷണ ചുമതല.

വാളയാര്‍ കേസ് ഹോദരിമാരുടെ മരണം സംഭവിച്ച കേസില്‍ പൊലീസിനു സംഭവിച്ച വീഴ്ച, പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെടാന്‍ ഇടയായ സാഹചര്യം എന്നീ കാര്യങ്ങളായിരിക്കും ജുഡീഷ്യല്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരിക. ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷനായിരുന്നു റിട്ടയേര്‍ഡ് ജഡ്ജിയായ എസ് ഹനീഫ.

വാളയാര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ പോക്‌സോ കോടതി വിചാരണ നടത്തി വെറുതെ വിട്ട മൂന്നു പ്രതികള്‍ക്കും നോട്ടീസ് അയയ്ക്കുന്നതിനും കോടതി തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേസന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നും സ്വാഭാവിക മരണമെന്ന നിലയില്‍ കേസ് അന്വേഷിച്ചു എന്നും നിശിതമായ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുത്തില്ലെന്നും ലാഘവത്തോടെയാണ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും സര്‍ക്കാര്‍ അപ്പീല്‍ ഹര്‍ജിയില്‍ പറയുന്നു.
2017 ജനുവരി 13ന് മൂത്ത കുട്ടിയെയും മാര്‍ച്ച് 4ന് ഇളയ കുട്ടിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളുടെ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടികള്‍ ജീവനൊടുക്കിയെന്നാണു കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com