സര്‍ക്കാരിന് തിരിച്ചടി ; പാലാരിവട്ടം പാലം പൊളിക്കലിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

പരിശോധനയുടെ ചെലവ് പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കാനും കോടതി നിര്‍ദേശിച്ചു
സര്‍ക്കാരിന് തിരിച്ചടി ; പാലാരിവട്ടം പാലം പൊളിക്കലിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം പൊളിക്കലില്‍ സര്‍ക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭാരപരിശോധന മൂന്നു മാസത്തിനകം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനിയെക്കൊണ്ട് ഭാരപരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി. പരിശോധനയുടെ ചെലവ് പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കാനും കോടതി നിര്‍ദേശിച്ചു.

പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന്, പാലം പരിശോധിച്ച ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലം പൊളിക്കാനും, പാലം പുനര്‍ നിര്‍മിക്കാന്‍ ഇ ശ്രീധരനെ ചുമതലപ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രൊജക്ടും സ്ട്രക്ചറല്‍ എഞ്ചിനിയേഴ്‌സും ഹൈക്കോടതിയെ സമീപിച്ചത്.

ലോകത്തെ എവിടെയും ഭാരപരിശോധന പോലും നടത്താതെ പാലം പൊളിച്ച ചരിത്രമില്ലെന്നും, ഇനിയും 20 വര്‍ഷം കൂടി കൂടി ഈ പാലം ഉപയോഗയോഗ്യമാണെന്നും കമ്പനി വാദിച്ചു. കമ്പനിയുടെ വാദം പരിഗണിച്ച ഹൈക്കോടതി, പാലത്തിന്റെ ഭാരപരിശോധന നടത്താന്‍ ഉത്തരവിട്ടു. ലോഡ് ടെസ്റ്റ് നടത്തുമ്പോഴുള്ള അപകടത്തെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. ഈ ഘട്ടത്തില്‍ പാലം പൊളിക്കുകയല്ലാതെ മറ്റ് വഴിയില്ല. അതിനാല്‍ ലോഡ് ടെസ്റ്റ് ഇല്ലാതെ പാലം പൊളിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ വാദിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com