നാട് വഴിയൊരുക്കി; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിനെ അമൃതയിലെത്തിച്ചു; ശസ്ത്രക്രിയ ഉടന്‍; ഇനി പ്രാര്‍ത്ഥനയുടെ മണിക്കൂറുകള്‍

വൈകീട്ട് അഞ്ച് മണിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും അംബുലന്‍സ് പുറപ്പെട്ടത്
നാട് വഴിയൊരുക്കി; അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിനെ അമൃതയിലെത്തിച്ചു; ശസ്ത്രക്രിയ ഉടന്‍; ഇനി പ്രാര്‍ത്ഥനയുടെ മണിക്കൂറുകള്‍

കൊച്ചി: അപൂര്‍വ രോഗം ബാധിച്ച ഒന്നരമാസം പ്രായമായ കുഞ്ഞുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് പുറപ്പെട്ട ആംബുലന്‍സ്
കൊച്ചി ആമൃത ആശുപത്രിയിലെത്തി. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.വൈകീട്ട് അഞ്ച് മണിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും അംബുലന്‍സ് പുറപ്പെട്ടത്. രാത്രി എട്ടരയോടെയാണ് ആംബുലന്‍സ് അമൃതയിലെത്തിയത്.
ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് ആംബുലന്‍സ് കടത്തിവിട്ടത്.

വാഹനം കടന്നുപോകുന്ന വഴിയിലെ യാത്രക്കാര്‍ ആംബുലന്‍സ് കടന്നുപോകാന്‍ വഴിയൊരുക്കണമെന്ന് പോലീസും അധികൃതരും അഭ്യര്‍ഥിച്ചിരുന്നു. സമൂഹമാധ്യമങ്ങളും ഈ അഭ്യര്‍ത്ഥന ഏറ്റെടുത്തിരുന്നു. തൊണ്ടയാട്, രാമനാട്ടുകര, തേഞ്ഞിപ്പലം, എടപ്പാള്‍, തൃശ്ശൂര്‍, ചാലക്കുടി, അങ്കമാലി വഴിയാണ് ആംബുലന്‍സ് കൊച്ചിയിലെത്തിയത്.

കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു

തിരുവനന്തപുരം: ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) ബാധിച്ച 36 ദിവസം പ്രായമായ പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും മകനായ മുഹമ്മദ് ഷിഹാബിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ശസ്ത്രക്രിയ നടത്താനായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. എത്രയും വേഗം ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ശ്വാസകോശത്തില്‍ ഫഌയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് സൈലോതൊറാക്‌സ്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം എന്നും വാര്‍ത്തയുണ്ടായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നത്. എത്രയും വേഗം ഈ കുട്ടി ജീവിതത്തിലേക്ക് തിരിച്ച് വരട്ടേയെന്നും മന്ത്രി പ്രത്യാശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com