ബസ് യാത്രയ്ക്കിടെ മാല മോഷണം, സഹയാത്രികയ്‌ക്കെതിരേ പരാതി നല്‍കി; അമ്മയും രണ്ട് മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു

പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മൂവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്
ബസ് യാത്രയ്ക്കിടെ മാല മോഷണം, സഹയാത്രികയ്‌ക്കെതിരേ പരാതി നല്‍കി; അമ്മയും രണ്ട് മക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു


ഇടുക്കി; ബസില്‍ സ്ത്രീയുടെ സ്വര്‍ണമാല കാണാതായ സംഭവത്തില്‍ സഹയാത്രിക മക്കള്‍ക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാല നഷ്ടപ്പെട്ട സ്ത്രീ യുവതിയുടെ വീട്ടില്‍ എത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് മൂവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. 

ബുധനാഴ്ചയാണ് സംഭവമുണ്ടായത്. അടിമാലി സ്വദേശിയായ 31 വയസുകാരിയായ യുവതിയും 2 കുട്ടികളുമാണ് വീടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ 13ന് അടിമാലിയില്‍ നിന്ന് മാങ്കുളത്തിനുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്തിരുന്ന ആനക്കുളം സ്വദേശി സരോജിനിയുടെ സ്വര്‍ണമാലയാണ് മോഷണം പോയത്.  അന്വേഷണത്തില്‍ ഇവരുടെ പിന്‍സീറ്റില്‍ ഇരുന്ന യുവതിക്ക് മാല ലഭിച്ചതായി മറ്റൊരു യാത്രക്കാരി പറഞ്ഞുവത്രേ.

ഇതോടെ നഷ്ടപ്പെട്ട മാല അന്വേഷിച്ച് സരോജിനി യുവതിയുടെ വീട്ടില്‍ എത്തി. പിന്നീട് സരോജിനി മാങ്കുളം പൊലീസ് ഔട്ട് പോസ്റ്റില്‍ പരാതിപ്പെട്ടു. സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി.ബി. സിബിന്‍, നിഷാദ് എന്നിവര്‍ ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് യുവതിയെയും മക്കളെയും കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുവരുത്തി  അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മൂവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com