ഷഹല മരിച്ചത് അനാസ്ഥമൂലം; അധ്യാപകര്‍ക്കും ഡോക്ടര്‍ക്കും എതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.
ഷഹല മരിച്ചത് അനാസ്ഥമൂലം; അധ്യാപകര്‍ക്കും ഡോക്ടര്‍ക്കും എതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. പ്രിന്‍സിപ്പല്‍ എ കെ കരുണാകരന്‍, ഹെഡ് മാസ്റ്റര്‍, കെ കെ മോഹനന്‍, അധ്യാപകന്‍ ഷിജില്‍, ഡോക്ടര്‍ ജിസ എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. മനപ്പൂര്‍മല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

സ്‌കൂള്‍ അധികൃതരുടെയും ഡോക്ടറുടെയും അനാസ്ഥമൂലമാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് കേസ്. നേരത്തെ, സ്‌കൂളിലെ പ്രധാനാധ്യാപകരെ സസ്‌പെന്റ് ചെയ്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ ക്ലാസ് തുടര്‍ന്ന അധ്യാപകന്‍ ഷിജിലിനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഷഹലയ്ക്ക് പാമ്പു കടിയേറ്റ വിവരം പ്രധാനാധ്യാപകന്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചുവെന്ന് പിതാവ് പറഞ്ഞിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും ഷിജിലും പ്രധാനാധ്യാപകനും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്ന്  സഹപാഠികള്‍ വ്യക്തമാക്കിയിരുന്നു.

ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് ജിസ. ഗുരുതര വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡോക്ടറെ സസ്‌പെന്റ് ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയില്‍ അധികൃതര്‍ ആന്റിവെനം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ഷഹല ഷെറിന്റെ പിതാവ് പറഞ്ഞിരുന്നു. കുട്ടിയുടെ നില മോശമായി തുടങ്ങിയ വേളയില്‍ താന്‍ നിര്‍ബന്ധിച്ചിട്ടും ആന്റിവെനം നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരമാണ് ഷഹ്‌ലയ്ക്ക് ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റത്. എന്നാല്‍ കൃത്യസമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാതെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ പിതാവ് വരുന്നതിനായി കാത്തിരിക്കുകയായിരുന്നു. തുടര്‍ന്ന്  കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി കുട്ടി മരിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com