കെട്ടടങ്ങാതെ പ്രതിഷേധം ; കളക്ടറേറ്റിലേക്ക് ഇരച്ചുകയറി എസ്എഫ്ഐ പ്രവർത്തകർ, ഏറ്റുമുട്ടൽ ; പ്രതിഷേധവുമായി ബിജെപിയും രം​ഗത്ത്

ഷെഹ്‌ലയുടെ മരണത്തിൽ ദേശീയ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു
കെട്ടടങ്ങാതെ പ്രതിഷേധം ; കളക്ടറേറ്റിലേക്ക് ഇരച്ചുകയറി എസ്എഫ്ഐ പ്രവർത്തകർ, ഏറ്റുമുട്ടൽ ; പ്രതിഷേധവുമായി ബിജെപിയും രം​ഗത്ത്

ബത്തേരി : വയനാട് സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ  പ്രതിഷേധം തുടരുന്നു. വയനാട് കളക്ടറേറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കളക്ടറേറ്റ് വളപ്പിൽ നടന്ന എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. കളക്ടറുടെ മുറിയിലേക്ക് ഇരച്ചുകയറാനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തടയുകയായിരുന്നു.

എന്നാൽ പൊലീസിനെ തള്ളിമാറ്റി അകത്തുകടക്കാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ലാത്തിച്ചാർജ് നടത്തി.  പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് കളക്ടറേറ്റിലേക്ക്  പ്രതിഷേധവുമായെത്തിയത്. കളക്ടറേറ്റിന്റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ അകത്തുകടക്കുകയായിരുന്നു. ഇവരെ തടയാന്‍ ആവശ്യത്തിന് പോലീസുണ്ടായിരുന്നില്ല. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്എഫ്ഐ പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തിയത്. ഷെഹ്ലയുടെ മരണത്തിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.

ഷഹലയുടെ മരണത്തിൽ ചികില്‍സ നല്‍കാന്‍ വൈകിയെന്ന് ഡിഎംഒ റിപ്പോര്‍ട്ട് നൽകി.  വിശദമായ റിപ്പോര്‍ട്ടാണ് ഡിഎംഒ കളക്ടർക്ക് സമർപ്പിച്ചത്. കൃത്യമായ മരുന്ന് നൽകുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു.  സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആരോ​ഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ (വിജിലൻസ് ) അന്വേഷിക്കുമെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആശുപത്രികളുടെ വീവ്ചയെക്കുറിച്ചാകും അന്വേഷിക്കുക. നാല് ആശുപത്രികൾക്കും വീവ്ച പറ്റിയോ എന്ന് ഡയറക്ടർ അന്വേഷിക്കും.

സംഭവത്തിൽ കോടതിയും ഇടപെട്ടു. സ്കൂളിൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ ഹാരിസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.
പ്രധാന അധ്യാപകൻ, എഇഒ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ ഹാരിസ് ആവശ്യപ്പട്ടു. ഉച്ചയ്ക്ക് 2.30 ന് ജഡ്ജിയുടെ ചേമ്പറിലെത്തണമെന്നാണ് ആവശ്യപ്പെട്ടു. സ്കൂളിൽ സന്ദർശനം നടത്തിയ ജഡ്ജി, വൃത്തിഹീനമായ സാഹചര്യമാണ് സ്കൂളിലുള്ളതെന്ന് വിലയിരുത്തി. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നും ജഡ്ജി ഹാരിസ് അറിയിച്ചു.

ഷെഹ്‌ലയുടെ മരണത്തിൽ ദേശീയ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com