ബൈക്ക് അപകടത്തില്‍ കാലൊടിഞ്ഞു; മൊഴി നല്‍കാന്‍ ഒടിഞ്ഞ കാലുമായി കയറിയിറങ്ങിയത് നാല് പൊലീസ് സ്റ്റേഷനില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd November 2019 11:11 PM |
Last Updated: 23rd November 2019 11:11 PM | A+A A- |

കൊച്ചി; ബൈക്ക് അപകടത്തില്‍ കാലൊടിഞ്ഞയാളെ വട്ടം കറക്കി പൊലീസ്. ഒടിഞ്ഞ കാലുമായി നാല് പൊലീസ് സ്റ്റേഷനുകളിലാണ് എറണാകുളം മുണ്ടംവേലി സ്വദേശി നെല്‍സണ്‍ (53) കയറിയിറങ്ങിയത്. അപകടമുണ്ടായ വിവരം അറിഞ്ഞാല്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ആശുപത്രിയില്‍ എത്തി മൊഴിയെടുക്കണം എന്നിരിക്കെയാണ് പൊലീസ് ക്രൂരത.
വെള്ളിയാഴ്ച രാവിലെ എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു കുണ്ടന്നൂര്‍ വലിയ പാലത്തിലായിരുന്നു അപകടം. ഉടനെ കരുവേലിപ്പടിയിലുള്ള താലൂക്ക് ആശുപത്രിയിലെത്തി. കാലിനു രണ്ടു പൊട്ടലുള്ളതിനാല്‍ പ്ലാസ്റ്ററിട്ട് അഡ്മിറ്റാകുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് തോപ്പുംപടി സ്‌റ്റേഷനിലേക്കു വിളിച്ചു പറഞ്ഞെങ്കിലും അപകടമുണ്ടായതു കുണ്ടന്നൂരായതിനാല്‍ തേവര സ്‌റ്റേഷനിലാണു പോകേണ്ടതെന്നു പറയുകയായിരുന്നു.
ഒടിഞ്ഞ കാലുമായി തേവര സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഉച്ചവരെ അവിടെ ഇരുത്തി. ഉച്ചയോടെ, ഇവിടെയല്ല മരട് സ്‌റ്റേഷന്‍ പരിധിയാണ്, അവിടെയാണു പോകേണ്ടതെന്നു പറഞ്ഞു. മരട് സ്‌റ്റേഷനിലേക്കു പോയെങ്കിലും മൊഴിയെടുക്കാന്‍ തയാറായില്ല. കുണ്ടന്നൂര്‍ പാലം പനങ്ങാട് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടെയാണു മൊഴി നല്‍കേണ്ടതെന്ന് പറഞ്ഞു തിരിച്ചയച്ചു. തുടര്‍ന്ന് പനങ്ങാട് എ്ത്തിയെങ്കിലും എതിര്‍കക്ഷിയുടെ പരാതി സ്വീകരിച്ചു മൊഴിയെടുത്തതിനാല്‍ ഒരേ സംഭവത്തില്‍ മറ്റൊരു കേസ് കൂടി എടുക്കാന്‍ സാധിക്കില്ലെന്ന് എറണാകുളം സൗത്ത് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് പറഞ്ഞു. എതിര്‍കക്ഷിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ ഇട്ടെങ്കിലും മരട് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അന്വേഷണത്തിന് അവിടേക്കു കേസ് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.