ഇനി ഒളിച്ചിരുന്നോ ഓടിച്ചിട്ടോ പിടിക്കില്ല ; നിയമലംഘകരെ 'ആപ്പി'ലാക്കാന്‍ പൊലീസ് ; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളും

പൊലീസുകാരുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: റോഡ് സൈഡില്‍ നിന്നും പെട്ടെന്ന് മുന്നിലേക്ക് ചാടി വീണും, വളവുകളില്‍ മറഞ്ഞുനിന്നും ഗതാഗത ലംഘകരെ പിടികൂടുന്ന നടപടി അവസാനിപ്പിക്കുന്നു. ഇത്തരത്തില്‍ നിയമലംഘകരെ പിടികൂടരുതെന്ന് കോടതിയും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ നിയമലംഘകരെ പിടികൂടാന്‍ സാങ്കേതിക വിദ്യയെ പൂര്‍ണമായും ആശ്രയിക്കാൻ ഒരുങ്ങുകയാണ് അധികൃതര്‍.

നിയമലംഘകരെ പിടികൂടാന്‍ ടോട്ടല്‍ ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് എന്ന അത്യാധുനിക സംവിധാനമാണ് വരുന്നത്. പൊലീസുകാരുടെ മൊബൈലില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിയമലംഘനം കണ്ടെത്തി പിഴയിടുന്ന സംവിധാനമാണിത്. അടുത്തമാസം പകുതിയോടെ സംവിധാനം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

നാഷണല്‍ ഇന്‍ഫൊമാറ്റിക്‌സ് (എന്‍.ഐ.സി.) തയ്യാറാക്കുന്ന ആപ്പാണ് ഇതിനായി കേരള പോലീസ് ഉപയോഗിക്കുക. പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും വിവരശേഖരവുമായി ആപ്പിനെ ബന്ധപ്പെടുത്തിയാണ് നിയമലംഘകരെ കണ്ടുപിടിക്കുക. പൊലീസുകാരുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ചെയ്യും. ഇതിലൂടെ നിയമലംഘനങ്ങളുടെ ചിത്രം തത്സമയം പകര്‍ത്തും. എല്ലാവര്‍ക്കും ഓരോ ഐ ഡി ഉണ്ടാവും. അതുവഴിയാണ് ആപ്ലിക്കേഷനിലേക്ക് ലോഗിന്‍ ചെയ്യേണ്ടത്.

പകര്‍ത്തുന്ന ചിത്രത്തില്‍ നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം ഉള്‍പ്പടെ രേഖപ്പെടുത്തി അത് ഡിജിറ്റല്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലേക്ക് അയക്കും. ഇവിടെ ചിത്രം വിശകലനംചെയ്ത് പിഴത്തുക നിശ്ചയിച്ച് മോട്ടോര്‍ വാഹനവകുപ്പില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉടമയ്ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കും. ആപ്പിലൂടെയല്ലാതെ പകര്‍ത്തുന്ന ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാനാകില്ല. ലംഘനം ആവര്‍ത്തിച്ചാല്‍ അക്കാര്യവും കണ്ടെത്താനാകും.

നിയമ ലംഘകര്‍ മൊബൈല്‍, ബാങ്ക്, ഓണ്‍ലൈന്‍ പേമെന്റ് ഗേറ്റ്‌വേകളിലൂടെയോ അക്ഷയകേന്ദ്രങ്ങളിലൂടെയോ പോസ്‌റ്റോഫീസ് വഴിയോ 15 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കണം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുപയോഗിച്ച് പിഴ അടയ്ക്കാനുള്ള സ്വൈപ്പിം​ഗ് യന്ത്രം എച്ച് ഡി എഫ് സി ബാങ്ക് സൗജന്യമായി നല്‍കും. പണമിടപാടിന് ചാര്‍ജ് ഈടാക്കില്ല.

ഓട്ടോമാറ്റിക്കായി നമ്പര്‍പ്ലേറ്റുകള്‍ തിരിച്ചറിയാനും ഹെല്‍മറ്റില്ലാത്തവരെയും സിഗ്‌നല്‍ അവഗണിക്കുന്നവരെയും തിരിച്ചറിയാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി പ്രവര്‍ത്തിക്കുന്ന കാമറകളും സ്ഥാപിക്കും. ഇവ ചിത്രങ്ങളെടുത്ത് സ്മാര്‍ട്ട് കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും. ഈ പദ്ധതിക്ക് 180 കോടിയാണ് ചെലവ്. കാമറകള്‍ക്കായി ടെന്‍ഡര്‍ തുടങ്ങി. ലോകബാങ്ക് സഹായത്തോടെയുള്ള പദ്ധതി 2018ല്‍ തയ്യാറാക്കിയെങ്കിലും ആഭ്യന്തര, ധനവകുപ്പുകള്‍ അനുമതി നല്‍കാതിരുന്നതിനാല്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ ഉത്തരവോടെ പദ്ധതിക്ക് വീണ്ടും ജീവന്‍ വെക്കുകയായിരുന്നു.

ഡിജിറ്റല്‍ ട്രാഫിക് സംവിധാനം നടപ്പിലാവുന്നതോടെ പൊലീസിന്റെ ജോലിഭാരവും കുറയും. ഇതോടെ പ്രതിദിനം 4000 പൊലീസുകാരെ വാഹന പരിശോധനയില്‍ നിന്ന് പിന്‍വലിക്കാം. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ഈ ഡിജിറ്റല്‍ സംവിധാനത്തിന് കഴിയില്ല. അതുകൊണ്ടുതന്നെ ബ്രെത്ത് അനലൈസര്‍ പരിശോധനയ്ക്ക് ഏതാനും പൊലീസ് സംഘങ്ങളെ നിയോഗിക്കേണ്ടി വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com