'എഴുതാനുള്ള ഊര്‍ജ്ജം ഇല്ലാതാകുന്നു', നോവലെഴുത്ത് നിർത്തുന്നുവെന്ന് സി രാധാകൃഷ്ണന്‍

ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ ഇനിയൊരു നോവൽ എഴുതില്ലെന്നും അദ്ദേഹം പറഞ്ഞു
'എഴുതാനുള്ള ഊര്‍ജ്ജം ഇല്ലാതാകുന്നു', നോവലെഴുത്ത് നിർത്തുന്നുവെന്ന് സി രാധാകൃഷ്ണന്‍

പാലക്കാട്: നോവലെഴുത്ത് അവസാനിപ്പിക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍. തീക്ഷ്ണമായ രീതിയില്‍ തപിപ്പിക്കുന്ന ഒരു നോവല്‍ എഴുതാനുള്ള ഊര്‍ജവും ജൈവചൈതന്യവും ഇല്ലാതാകുന്നതായി തോന്നുന്നെന്നും ഇപ്പോള്‍ എഴുതുന്ന നോവല്‍ പൂര്‍ത്തിയായാല്‍ ഇനിയൊരു നോവൽ എഴുതില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ എഴുതുന്ന നോവല്‍ ഏതാണ്ട് തീരാറായി. ഇനി കുട്ടികള്‍ക്കുള്ള കൃതികളും ചെറിയ കൃതികളും മാത്രമേ എഴുതുകയുള്ളൂ, അദ്ദേഹം പറഞ്ഞു. വി ടി വാസുദേവന്റെ 'സഹശയനം' എന്ന പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്‌പന്ദമാപിനികളേ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി തുടങ്ങിയ നോവലുകളുടെ സൃഷ്ടാവായ സി രാധാകൃഷ്ണന്‍ എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം ഏറെ ശ്രദ്ധേയമായി. അഗ്നി, പുഷ്യരാഗം, കനലാട്ടം, ഒറ്റയടിപ്പാതകള്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയിട്ടുമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com