പിഎസ് സി പരീക്ഷാ തട്ടിപ്പ് : നിർണായക തെളിവുമായി ക്രൈംബ്രാഞ്ച് ; ഫോൺ കണ്ടെടുത്തത് ബം​ഗളൂരുവിൽ നിന്ന്

ഫോൺ നശിപ്പിച്ചുവെന്നാണ് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്
പിഎസ് സി പരീക്ഷാ തട്ടിപ്പ് : നിർണായക തെളിവുമായി ക്രൈംബ്രാഞ്ച് ; ഫോൺ കണ്ടെടുത്തത് ബം​ഗളൂരുവിൽ നിന്ന്

തിരുവനന്തപുരം : പിഎസ് സി പരീക്ഷാ തട്ടിപ്പിന് ഉപയോ​ഗിച്ച മൊബൈൽ ഫോൺ കണ്ടെത്തി. ബം​ഗളൂരുവിൽ നിന്നാണ് മൊബൈൽ ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തത്. കേസിൽ നിർണായക തെളിവാണ് ഫോൺ കണ്ടെടുത്തതിലൂടെ ക്രൈംബ്രാഞ്ച് കരസ്ഥമാക്കിയത്. ഫോൺ നശിപ്പിച്ചുവെന്നാണ് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷാ തട്ടിപ്പുകേസിൽ ചോദ്യപേപ്പർ ചോർത്തിയ പ്രവീണ്‍  കോടതിയിൽ കീഴടങ്ങിയിരുന്നു.  പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിനും രണ്ടാം റാങ്കുകാരനായ പ്രണവിനും 28–ാം റാങ്കുകാരനായ നസീമിനും വേണ്ടി ചോദ്യപേപ്പർ ചോർത്തിയത് സുഹൃത്തായ പ്രവീണാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ഫോണുമായി കണക്ട് ചെയ്ത സ്മാർട് വാച്ചിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്നു ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. പരീക്ഷാ സമയത്ത് പ്രതികളുടെ ഫോണിലേക്ക് തുടർച്ചയായി സന്ദേശങ്ങള്‍ വന്നിരുന്നതായി വിജിലൻസ് കണ്ടെത്തി. പൊലീസുകാരനായ ഗോകുലും സഫീറുമാണ് ഉത്തരങ്ങൾ ഫോണിലൂടെ കൈമാറിയതെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിക്ക് കുത്തേറ്റതിനെത്തുടർന്നാണ് പരീക്ഷാ തട്ടിപ്പിന്റെ വിവരങ്ങളും പുറത്തുവന്നത്.

പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിൽ തട്ടിപ്പ് നടത്തിയവർക്കു സഹായം ചെയ്ത മൂന്നു പൊലീസുകാർക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. എസ്എപി ക്യാംപിലെ പൊലീസുകാരായ ടി.എസ്. രതീഷ്, എബിൻ പ്രസാദ്, ലാലു രാജ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. യൂണിവേഴ്സിറ്റി കോളജ് ക്യാംപസിൽ പരീക്ഷ നടക്കുന്ന സമയത്തും ഉത്തരം അയച്ചു കൊടുത്ത സമയത്തും ഗോകുൽ പേരൂർക്കട ക്യാംപിലെ ഓഫീസിൽ ജോലിയിലാണെന്നു കൃത്രിമ രേഖ ചമച്ചതിനാണ് മൂന്നുപേർക്കെതിരെയും കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com