മദ്യപിച്ചപ്പോള്‍ ഫോണ്‍ കാണാതായി; അച്ഛന്റെ സുഹൃത്തുക്കള്‍ 14കാരനെ ക്രൂരമായി മര്‍ദ്ദിച്ചു; നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തി; അറസ്റ്റ്

മാതാപിതാക്കള്‍ വേര്‍പെട്ട് കഴിയുന്നതിനാല്‍ മിക്കവാറും കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരിക്കും. ഈ സാഹചര്യം മുതലെടുത്തായിരുന്നു ആക്രമണമെന്ന് പൊലീസ്‌
മദ്യപിച്ചപ്പോള്‍ ഫോണ്‍ കാണാതായി; അച്ഛന്റെ സുഹൃത്തുക്കള്‍ 14കാരനെ ക്രൂരമായി മര്‍ദ്ദിച്ചു; നാട്ടുകാര്‍ പൊലീസിനെ വിളിച്ചുവരുത്തി; അറസ്റ്റ്

തിരുവനന്തപുരം: മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിന്നാലുകാരനെ വീട്ടില്‍ക്കയറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു. തടികൊണ്ടുള്ള അടിയേറ്റ് കൈയും കാലും ഒടിഞ്ഞ കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആനയറ ഊളന്‍കുഴി രാജന്റെ മകന്‍ നീരജിനാണ് മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റത്. പ്രതികള്‍ക്കെതിരേ പൊലീസ്‌ കൊലപാതകശ്രമത്തിന് കേസെടുത്തു.

കണ്ണമ്മൂല പുത്തന്‍പാലം വയല്‍ നികത്തിയ വീട്ടില്‍ ആര്‍ അരുണ്‍, കൊല്ലൂര്‍ തോട്ടുവരമ്പ് വീട്ടില്‍ ബി രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് വാതില്‍പൊളിച്ച് വീടിനുള്ളില്‍ കടന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.

22ന് രാത്രി 11നാണ് ഇരുവരും ചേര്‍ന്ന് നീരജിനെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കള്‍ വേര്‍പെട്ട് കഴിയുന്നതിനാല്‍ മിക്കവാറും കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരിക്കും. ഈ സാഹചര്യം മുതലെടുത്തായിരുന്നു ആക്രമണമെന്ന് പൊലീസ്‌ പറയുന്നു.നീരജിന്റെ അച്ഛന്റെ സുഹൃത്താണ് പ്രതികള്‍. ഇവര്‍ കുട്ടിയുടെ വീടിനു സമീപമിരുന്ന് കഴിഞ്ഞ ദിവസം മദ്യപിച്ചിരുന്നു. ഇതിനിടെ പ്രതികളുടെ മൊബൈല്‍ഫോണ്‍ കാണാതായി. ഫോണ്‍ നീരജ് എടുത്തതാണെന്ന സംശയത്തിലായിരുന്നു മര്‍ദനം.

വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പ്രതികള്‍ പിന്‍വാതില്‍ പൊളിച്ചാണ് ഉള്ളില്‍ കടന്നത്. ശബ്ദംകേട്ടുണര്‍ന്ന നീരജിനെ ചെകിട്ടത്ത് അടിച്ചുവീഴ്ത്തി. കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബൈക്കില്‍ കയറ്റി ചാക്ക ബൈപ്പാസിനു സമീപമുള്ള കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തെത്തിച്ചു. തുടര്‍ന്നായിരുന്നു മര്‍ദനം. നീരജ് നിലവിളിച്ചെങ്കിലും സമീപത്ത് ആരുമില്ലാത്തതിനാല്‍ സഹായത്തിന് ആരുമെത്തിയില്ല.

അരുണാണ് ആദ്യം തടികൊണ്ട് തലയ്ക്കടിച്ചത്. അടികൊള്ളാതിരിക്കാന്‍ കുട്ടി ഇടതുകൈകൊണ്ട് തടഞ്ഞു. അടിയേറ്റ് കൈ ഒടിഞ്ഞുതൂങ്ങി. പിന്നീട് വലതുകാലും അടിച്ചൊടിച്ചു. താഴെവീണ നീരജിനെ ദേഹമാസകലം അടിച്ചു. വയറിലും നടുവിലും പരിക്കേറ്റിട്ടുണ്ട്. അരമണിക്കൂറോളം പ്രതികള്‍ നീരജിനെ മര്‍ദിച്ചു. അവശനായപ്പോള്‍ തിരികെ ബൈക്കില്‍ കയറ്റി വീടിനു മുന്നില്‍കൊണ്ടുവന്ന് ഇറക്കിവിടുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകണ്ട പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

പേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജുവിന്റെ നേതൃത്വത്തില്‍ പൊലീസ്‌നടത്തിയ തിരച്ചിലില്‍ പ്രതികളെ ആനയറയ്ക്കു സമീപം വച്ച് പിടികൂടി. നിരവധി ക്രിമിനല്‍കേസുകളിലെ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ്‌ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com