വനിതാ പൊലീസുകാർക്ക് കേട്ടാലറയ്ക്കുന്ന തെറി വിളി; പിങ്ക് പൊലീസ് നമ്പറുകളിൽ വിളിച്ച് അസഭ്യ വർഷം; വിരുതൻ കുടുങ്ങി

വനിതാ പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് നിരന്തരം വിളിച്ച് തെറി പറയുന്ന വിരുതൻ ഒടുവിൽ കുടുങ്ങി
വനിതാ പൊലീസുകാർക്ക് കേട്ടാലറയ്ക്കുന്ന തെറി വിളി; പിങ്ക് പൊലീസ് നമ്പറുകളിൽ വിളിച്ച് അസഭ്യ വർഷം; വിരുതൻ കുടുങ്ങി

തൃശൂര്‍: വനിതാ പൊലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണിലേക്ക് നിരന്തരം വിളിച്ച് തെറി പറയുന്ന വിരുതൻ ഒടുവിൽ കുടുങ്ങി. തിരുവനന്തപുരം തുമ്പ സ്വദേശി ജോസാണ് ആ ഫോണ്‍ വിളിക്കാരന്‍. എത്രയും വേഗം പിടികൂടിയില്ലെങ്കില്‍ തെറികള്‍ ഒരുപാട് കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ പൊലീസ് ഈർജിതമായി തന്നെ അന്വേഷിച്ച് ഇയാളെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ മൂന്ന് മാസമായി തൃശൂർ വനിതാ പൊലീസ് സ്റ്റേഷനിലെ ലാൻ‍‍ഡ് ഫോണിലേക്ക് ഇയാൾ നിരന്തരം വിളിക്കുന്നു. ദിവസവും വിളിക്കും. കേട്ടാല്‍ അറയ്ക്കുന്ന തെറി പറയും. വനിതാ ഉദ്യോഗസ്ഥര്‍ പിന്നെ ഫോണ്‍ തന്നെ എടുക്കാതെയിരുന്നു. എന്നിട്ടും തെറി വിളിക്കാന്‍ ഫോണുകള്‍ തുരുതുരാ വന്നു കൊണ്ടിരുന്നു. രാത്രി വൈകി വരെ ഇതാണ് സ്ഥിതി. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേയ്ക്കും വിളി വന്നു തുടങ്ങി. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മനസമാധാനം നഷ്ടപ്പെട്ടു. അവര്‍ സൈബര്‍ സെല്ലിന് വിവരങ്ങള്‍ കൈമാറി.

പൊലീസ് പിടിക്കാതിരിക്കാൻ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഇടയ്ക്കിടെ മാറും. വീട്ടില്‍ ഇയാൾ സ്ഥിരമായി താമസിക്കാറില്ല. പലയിടങ്ങളിലായി യാത്ര ചെയ്യും. 29 വയസുള്ള ഇയാൾ അവിവാഹിതനാണ്. ഐടിസിയാണ് വിദ്യാഭ്യാസ യോഗ്യത. ഇടയ്ക്കിടെ പണിക്ക് പോകും. കഞ്ചാവ് ഉപയോഗിക്കാറുണ്ട്. ഈ ലഹരിയിലാണ് മിക്കപ്പോഴും ഫോണില്‍ വിളിച്ചു തെറി പറയുന്നത്. ഒരു നമ്പര്‍ കണ്ടെത്തി ആളുടെ അടുത്തെത്തുമ്പോഴേക്കും പൊലീസിന്റെ വലയില്‍ നിന്ന് രക്ഷപ്പെടും. ഇങ്ങനെ, മൂന്ന് മാസമായി ജോസിന്റെ പുറകെയായിരുന്നു പൊലീസ്. തിരുവനന്തപുരത്തെ തുമ്പയിലെ വീട്ടില്‍ എത്തിയെന്ന് അറിഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു.

വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് അസഭ്യം പറ‍ഞ്ഞതിന് ഇത് ആദ്യമായല്ല ജോസ് പിടിക്കപ്പെടുന്നത്. 19 തവണ ഇയാൾ കുടുങ്ങിയിട്ടുണ്ട്. പലതവണ കേസില്‍ ശിക്ഷിക്കപ്പെട്ടു. പക്ഷേ, വീണ്ടും തെറി വിളി തുടര്‍ന്നു. നാട്ടില്‍ ജോസിന്‍റെ ഫോണ്‍ വിളി കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്. മൂന്ന് മാസത്തെ തെറി വിളിയുടെ ഷോക്കില്‍ വനിതാ സ്റ്റേഷനിലെ ലാന്‍ഡ് ഫോണ്‍ റിങ് ചെയ്യുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ആശങ്കയാണ്. ഇന്നേത് തെറിയാണാവോ കേള്‍ക്കേണ്ടി വരികയെന്ന ചിന്തയിലാണ് ഓരോരുത്തരും ഫോണെടുക്കുന്നത്. റിമാന്‍ഡിലായാല്‍ കുറച്ചു ദിവസത്തേയ്ക്കു ആശ്വാസം കിട്ടുമെന്ന പ്രതീക്ഷയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്. കേരളത്തിലെ മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ ഫോണിലേക്ക് വിളിച്ചും അസഭ്യം പറഞ്ഞിട്ടുണ്ട് ജോസ്. അന്നും കൈയോടെ പിടിക്കപ്പെട്ടു.

പിങ്ക് പൊലീസ്, വനിതാ പൊലീസ് തുടങ്ങിയ സ്റ്റേഷന്‍ നമ്പറുകള്‍ കണ്ടാല്‍ ഫോണ്‍ ചെയ്യാന്‍ തോന്നുമെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാൾ പറയുന്നത്. എന്താണ് ഇങ്ങനെ ഫോണില്‍ വിളിക്കുമ്പോള്‍ കിട്ടുന്നതെന്ന് പൊലീസിന്റെ ചോദ്യത്തിന് ജോസിന്റെ മറുപടി ഇങ്ങനെ. ‘ഒരു സുഖം’.  എത്രയൊക്കെ ഫോണ്‍ ചെയ്യേണ്ടെന്നു തീരുമാനിച്ചാലും വനിതാ സ്റ്റേഷന്‍റെ നമ്പറിലേക്ക് വിളിക്കാന്‍ തോന്നും. ഓരോ തവണ പിടിക്കപ്പെടുമ്പോഴും ഇനി ഫോണ്‍ ഉപയോഗിക്കരുതെന്ന പതിവു ഉപദേശം നല്‍കി വിടും. ഇനി, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീണ്ടും ജോസിന്റെ വിളി വരുമെന്ന് ഉറപ്പാണ്. അത് കേരളത്തിലെ ഏതു വനിതാ സ്റ്റേഷനിലേക്കാണെന്ന് ഇപ്പോള്‍ പറയാനാകില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com