തൊഴിൽ തേടി ബംഗാളിൽ നിന്നെത്തി; ഹൽവാ തൊഴിലാളിക്ക് 70 ലക്ഷത്തിന്റെ ഭാഗ്യ മധുരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2019 09:09 PM |
Last Updated: 25th November 2019 09:09 PM | A+A A- |
കരുനാഗപ്പള്ളി: പശ്ചിമ ബംഗാളില്‍ നിന്ന് തൊഴിൽ തേടിയെത്തിയ ആളെ ഭാഗ്യദേവത കടാക്ഷിച്ചു. പശ്ചിമ ബംഗാളിലെ നക്സല്‍ബാരി സ്വദേശിയായ ശുഭാ ബര്‍മനാണ് ഭാഗ്യ ദേവതയുടെ കടാക്ഷം. ഹൽവ നിർമാണ തൊഴിലാളിയായ ശുഭാ ബർമനാണ് ഇത്തവണത്തെ പൗര്‍ണമി ലോട്ടറിയുടെ മധുരം.
കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു ഹല്‍വ നിര്‍മാണ യൂണിറ്റിലാണ് ശുഭാ ബർമൻ ജോലി ചെയ്യുന്നത്. കുടുംബ സമേതം ഒന്‍പതു മാസം മുൻപാണ് കേരളത്തിലെത്തിയത്. മിക്കപ്പോഴും ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഒടുവില്‍ പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം ശുഭാ ബര്‍മനെ തേടിയെത്തി.
തൊഴിലുടമ ഇടപെട്ട് ശുഭാ ബര്‍മന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ച് ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. നികുതി കഴിച്ച് 45 ലക്ഷത്തോളം രൂപ ശുഭാ ബര്‍മന് ലഭിക്കും.