വീണ്ടും മതം തിരിച്ചുള്ള കണക്കു തേടി രാജഗോപാല്‍; ഇത്തവണ അറിയേണ്ടത് സ്‌കൂളുകളുടെ വിവരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th November 2019 07:17 AM |
Last Updated: 25th November 2019 07:17 AM | A+A A- |

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസമേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള വിവരം തേടി ഒ രാജഗോപാല്‍ എംഎല്‍എ. ബിപിഎല്‍ ഗുണഭോക്താക്കളുടെ മതം തിരിച്ചുള്ള കണക്ക് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നിയമസഭയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതം തിരിച്ചുള്ള വിവരം രാജഗോപാല്‍ ആവശ്യപ്പെട്ടത്.
ബിപിഎല്‍ കണക്ക് ആവശ്യപ്പെട്ടുള്ള നിയമസഭാ ചോദ്യത്തിന് വിവരം ശേഖരിച്ചിട്ടില്ല എന്ന മറുപടിയാണ് രാജഗോപാലിനു ലഭിച്ചത്്. പുതിയ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കാനിരിക്കുന്നതേയുള്ളൂ.
കഴിഞ്ഞ 11 ന് മന്ത്രി പി തിലോത്തമനോട് ഒ രാജഗോപാല്‍ ഉന്നയിച്ച ചോദ്യം ഇതായിരുന്നു: ''ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം? സംസ്ഥാനത്ത് ആകെ എത്ര കുടുംബങ്ങള്‍ ബിപിഎല്‍ പട്ടികയിലുണ്ട്? ഇതില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം കുടുംബങ്ങളുടെ എണ്ണമെത്രയെന്നും ഓരോ വിഭാഗവും എത്ര ശതമാനം വീതമുണ്ടെന്നും വ്യക്തമാക്കാമോ?''
സെപ്റ്റംബര്‍ 29 വരെ 39,6071 കുടുംബങ്ങളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മത വിഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ കണക്ക് ശേഖരിച്ചിട്ടില്ല എന്നും മന്ത്രി പി തിലോത്തമന്‍ മറുപടി നല്‍കി.
സമാനമായ രീതിയില്‍ നവംബര്‍ 7ന് ഒ രാജഗോപാല്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനോട് ഉന്നയിച്ച ചോദ്യം ഇതാണ് :''സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയില്‍ എത്ര സ്ഥാപനങ്ങളുണ്ട്? സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം മതവിഭാഗങ്ങളില്‍പ്പെട്ട മാനേജ്‌മെന്റുകള്‍ നടത്തുന്നവ എത്ര?. സംസ്ഥാനത്തെ എയ്ഡഡ് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം മതവിഭാഗങ്ങള്‍ നടത്തുന്നത് എത്ര ?''