ചെറിയ ഉള്ളിക്ക് 120, സവാളയ്ക്ക് 100; ഇനിയും വിലകൂടും; നെഞ്ചിടിപ്പു കൂട്ടി വില വര്‍ധന

രണ്ട് ദിവസം മുന്‍പു വരെ സവാള70 നും ഉള്ളി 80 നുമാണ് വിറ്റത്
ചെറിയ ഉള്ളിക്ക് 120, സവാളയ്ക്ക് 100; ഇനിയും വിലകൂടും; നെഞ്ചിടിപ്പു കൂട്ടി വില വര്‍ധന

കൊച്ചി; ജനങ്ങളെ ആശങ്കയിലാക്കിക്കൊണ്ട് സവാളയുടെയും ചെറിയ ഉള്ളിയുടേയും വില കുതിക്കുന്നു. നൂറു രൂപയും കടന്ന് കുതിക്കുകയാണ് രണ്ടിന്റേയും വില. ചെറിയ ഉള്ളിയ്ക്ക് 120 രൂപ വരെയാണ് വില. എറണാകുളം മാര്‍ക്കറ്റില്‍ ചെറിയ ഉള്ളിക്ക് ഇന്നലെ 100 രൂപയായിരുന്നു മൊത്തവില. കടകളില്‍ 110 രൂപ മുതല്‍ 115 രൂപവരെയാണ് വില വരുന്നത്. നഗരത്തിന് പുറത്തേക്ക് വരുമ്പോള്‍ ഉള്ളി വില 120 രൂപ വരെ ഉയരുന്നുണ്ട്. സവാള വിലയും നഗരത്തിന് പുറത്ത് 100 രൂപയിലെത്തി. 

രണ്ട് ദിവസം മുന്‍പു വരെ സവാള70 നും ഉള്ളി 80 നുമാണ് വിറ്റത്. ഈ വിലയില്‍ നിന്നാണ് പെട്ടെന്ന് 40 രൂപ വരെ വില ഉയര്‍ന്നിരിക്കുന്നത്. അതേസമയം സര്‍ക്കാരിന്റെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലില്‍ ഉള്ളിയ്ക്ക് വില 98ഉും സവാളയ്ക്ക് 77 ഉും ആണ്. ചില സൂപ്പര്‍മാര്‍ക്കറ്റുകളിലും വില ഇളവുണ്ട്. 

വരും ദിവസങ്ങളില്‍ ഇനിയും വിലകൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. സ്‌റ്റോക്ക് ഉള്ള സവാളയാണ് ഇപ്പോള്‍ വിപണനത്തിനായി വന്നുകൊണ്ടിരിക്കുന്നത്. സ്‌റ്റോക്ക് തീരുമ്പോള്‍ ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.ഏതാനും മാസങ്ങളായി ഉള്ളി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടിക്കൊണ്ടിരിക്കുകയാണ്. ഒരു മാസത്തില്‍ തന്നെ പലപ്പോഴായി വിലകയറ്റം അതിരൂക്ഷമാകുന്നുണ്ട്.

 മറ്റു  സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളില്‍ പ്രധാനമായും ഉള്ളിക്കാണ് വിലക്കയറ്റം അനുഭവപ്പെടുന്നത്. സവാള ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടായ വില നാശമാണ് വില കൂടാന്‍ കാരണം. കര്‍ണാടക, മഹാരാഷ്ട തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴക്കെടുതി മൂലം വിളനാശമുണ്ടായിരുന്നു.  ഉത്സവ സീസണ്‍ അല്ലാതിരുന്നിരുന്നിട്ടും പച്ചക്കറികളുടെ വില വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. മോശം കാലാവസ്ഥയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com