രാഹുല്‍ ഗാന്ധിയെ കാണാനില്ല; പരാതിയുമായി യുവമോര്‍ച്ച നേതാവ് പൊലീസ് സ്റ്റേഷനില്‍

എടക്കര പൊലീസ് സ്‌റ്റേഷനിലാണ് അജി തോമസ് പരാതി നല്‍കിയിരിക്കുന്നത്
രാഹുല്‍ ഗാന്ധിയെ കാണാനില്ല; പരാതിയുമായി യുവമോര്‍ച്ച നേതാവ് പൊലീസ് സ്റ്റേഷനില്‍

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്. എടക്കര പൊലീസ് സ്‌റ്റേഷനിലാണ് അജി തോമസ് പരാതി നല്‍കിയിരിക്കുന്നത്.

വയനാട് എംപിയായ രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നുണ്ട്. അജി തോമസിന്റെ
പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.

വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ ഇന്ന് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട അസാധാരണ സംഭവവികാസങ്ങളില്‍ ലോക്‌സഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ലോക്‌സഭ ശൈത്യകാല സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഹുല്‍ ചോദ്യോത്തരവേളയിലാണ് തന്റെ പ്രതിഷേധം വ്യക്തമാക്കിയത്.

ചോദ്യോത്തരവേളയില്‍ എഴുന്നേറ്റുനിന്ന രാഹുല്‍ ഗാന്ധി 'ഞാന്‍ ഇന്ന് ഇവിടെ ചോദ്യം ചോദിക്കാനാണ് എത്തിയത്. എന്നാല്‍ ഇന്ന് ചോദ്യം ചോദിക്കുന്നതിന് ഒരു അര്‍ത്ഥവുമില്ല. കാരണം മഹാരാഷ്ട്രയില്‍ ജനാധിപത്യം കൊലചെയ്യപ്പെട്ടിരിക്കുന്നു.' എന്നുപറഞ്ഞ് തന്റെ സീറ്റില്‍ ഇരിക്കുകയായിരുന്നു. മഹാരാഷ്ട്ര വിഷയത്തില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതിഷേധം.

ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നാലേ കാല്‍ ലക്ഷത്തിനുമേല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്ന് ജയിച്ചത്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ് വയനാട് വരവേറ്റത്. അതേസമയം, അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com