ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രിക തളര്‍ന്നുവീണു; ആശുപത്രിയില്‍ എത്തിച്ച് പുലരുവോളം കൂട്ടിരുന്ന് യുവഡോക്ടര്‍

ജോലിസ്ഥലത്തേക്ക് ട്രെയിനില്‍ പോവുന്നതിനിടയിലാണ് അതേ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിയായ രേഷ്മ അനില്‍കുമാര്‍ പ്രമേഹം കൂടി അവശനിലയിലായത്
ട്രെയിന്‍ യാത്രയ്ക്കിടെ സഹയാത്രിക തളര്‍ന്നുവീണു; ആശുപത്രിയില്‍ എത്തിച്ച് പുലരുവോളം കൂട്ടിരുന്ന് യുവഡോക്ടര്‍

മലപ്പുറം; ട്രെയിന്‍യാത്രയില്‍ തളര്‍ന്നുവീണ സഹയാത്രികയെ പാതിരാത്രി ആശുപത്രിയില്‍ എത്തിച്ച് പുലരുവോളം കൂട്ടിരുന്ന് യുവഡോക്ടര്‍. കൊല്ലം കാവനാട് മുക്കാട് സ്വദേശിയായ എറ്റില്‍ ഭവനില്‍ ഡോ. ആയിഷയാണ് മാതൃകയായത്. ജോലിസ്ഥലത്തേക്ക് ട്രെയിനില്‍ പോവുന്നതിനിടയിലാണ് അതേ കമ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന നഴ്‌സിങ് വിദ്യാര്‍ത്ഥിയായ രേഷ്മ അനില്‍കുമാര്‍ പ്രമേഹം കൂടി അവശനിലയിലായത്. രേഷ്മയെ ആയിഷ പരിശോധിക്കുകയും തിരൂര്‍ സ്‌റ്റേഷനില്‍ ഇറങ്ങി ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. 

കൊല്ലത്തുനിന്ന് മംഗലാപുരത്തേക്ക് തിങ്കളാഴ്ച പുലര്‍ച്ചെ മാവേലി എക്‌സ്പ്രസില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റിലെ യാത്രയ്ക്കിടയിലാണ് സംഭവമുണ്ടായത്. പ്രമേഹം കൂടിയതിനെ തുടര്‍ന്ന് രേഷ്മ ഛര്‍ദിക്കുകളും തളര്‍ച്ചയുമുണ്ടായി. പുലര്‍ച്ചെ മൂന്നുമണിയോടെ റെയില്‍വേ സുരക്ഷാനമ്പറില്‍ വിളിച്ചുപറഞ്ഞശേഷമാണ് രേഷമയേയും കൊണ്ട് ആയിഷ തിരൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഇറങ്ങിയത്. 

റെയില്‍വേ ഉദ്യോഗസ്ഥര്‍ ഏര്‍പ്പാടുചെയ്ത ആംബുലന്‍സില്‍ ഇവര്‍തന്നെ രേഷ്മയെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. കൂട്ടായി ആംബുലന്‍സ് ഡ്രൈവര്‍മാരായ മുരളീധരനും ജലീലുമുണ്ടായിരുന്നു. ആയിഷ തന്നെയാണ് രേഷ്മയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. രേഷ്മയുടെ അസുഖം കുറഞ്ഞതിനുശഷം തിങ്കളാഴ്ച രാവിലെയാണ് ആയിഷ ജോലിസ്ഥലത്തേക്ക് പോയത്. ഉച്ചയോടെ ബന്ധുക്കള്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തി രേഷ്മയെ വീട്ടിലേക്ക് കൊണ്ടുപോയി. മംഗലാപുരം സിറ്റി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥിയാണ് 18കാരിയായ രേഷ്മ. 

മംഗലാപുരം വെന്‍ലോക്ക് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ് ഇരുപത്തിനാലു കാരിയായ ആയിഷ. സഹയാത്രികയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത് നിയോഗമായി കാണുന്നുവെന്ന് ആയിഷ പറഞ്ഞു. റെയില്‍വേ ഉദ്യോഗസ്ഥരും ആംബുലന്‍സ് ഡ്രൈവര്‍മാരും ജില്ലാ ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും നല്‍കിയ സഹകരണമാണ് രേഷ്മയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com