മലചവിട്ടില്ല; തൃപ്തിയും സംഘവും മടങ്ങും, തിരിച്ചു പോകുന്നത് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ

ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങും.
മലചവിട്ടില്ല; തൃപ്തിയും സംഘവും മടങ്ങും, തിരിച്ചു പോകുന്നത് പൊലീസ് സംരക്ഷണം നല്‍കില്ലെന്ന് വ്യക്തമാക്കിയതോടെ

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങും. സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് നിലപാട് വ്യക്തമാക്കിയതോടെയാണ് മടങ്ങാന്‍ തീരുമാനിച്ചത്. രാത്രി 12.20നുള്ള വിമാനത്തില്‍ ഇവര്‍ തിരിച്ച് പൂനെയ്ക്ക് പോകും. വിമാനത്താവളം വരെ സംരക്ഷണമൊരുക്കാമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തൃപ്തിയും സംഘവും മടങ്ങുമെന്ന് വ്യക്തമാക്കിയതോടെ ശബരിമല കര്‍മസമിതി ആരംഭിച്ച പ്രതിഷേധം അവസനാപ്പിച്ചു.

ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് തൃപ്തിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലത്തില്‍ മല കയറിയ ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഇവരുള്‍പ്പെടെ അഞ്ചുപേരാണ് ശബരിമലയ്ക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്.

കമ്മീഷണര്‍ ഓഫീസിലെത്തിയ ഇവരോട്, സംരക്ഷണം നല്‍കാന്‍ സാധ്യമല്ലെന്നും യുവതീ പ്രവേശന വിധിക്ക് സ്റ്റേയുണ്ടെന്നാണ് നിയമോപദേശം എന്നും പൊലീസ് ധരിപ്പിച്ചു. സുപ്രീംകോടതി വിധി ലംഘിച്ചതിന് എതിരെ പൊലീസിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

ഇതിനിടെ, കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ബിന്ദു അമ്മിണിയെ പ്രതിഷേധക്കാര്‍ ആക്രമിച്ചു. ബിന്ദുവിന് നേരെ ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥ് കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. കാറിലിരുന്ന കോടതി രേഖകള്‍ എടുക്കാനായി പുറത്തുപോയപ്പോഴായിരുന്നു ആക്രമണം. തുടര്‍ന്ന് ബിന്ദുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ ആക്രമിച്ച ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com