യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മലയാള സര്‍വകലാശാലയിലെ 10 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരൂര്‍ തുഞ്ചത്തെഴുച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടത്തിയ 10 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; മലയാള സര്‍വകലാശാലയിലെ 10 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

തിരൂര്‍: യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ തിരൂര്‍ തുഞ്ചത്തെഴുച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നടത്തിയ 10 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി. 2016ല്‍ മലയാള സര്‍വകലാശാലയിലെ വിവിധ വകുപ്പുകളിലേക്ക് നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ അധ്യാപക നിയമനങ്ങളാണ് റദ്ദാക്കിയത്.

അധ്യാപക നിയമനത്തില്‍ പാലിക്കേണ്ട യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല, അഭിമുഖ പാനല്‍ രൂപീകരണത്തില്‍ നടത്തിയ വീഴ്ച, വിജ്ഞാപനം മുതലുള്ള മുഴുവന്‍ നടപടികളിലും സര്‍വകലാശാലയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള വീഴ്ചകള്‍ എന്നിവ പരിഗണിച്ചാണ് വിധി. ഡോ. ജെയ്‌നി വര്‍ഗീസ്, ശ്രീജ വി, ഡോ. മഞ്ജുഷ വര്‍മ്മ, ഡോ. കെഎസ് ഹക്കീം, ഡോ. ധന്യ ആര്‍, ഡോ. ശ്രീരാജ്, ഡോ. ശ്രീജ എന്‍ജി, ഡോ. എസ് എസ് സ്വപ്ന റാണി, വിദ്യ ആര്‍, ഡോ. സുധീര്‍ സലാം എന്നിവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്.

അധ്യാപക നിയമനത്തിനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളായ ഡോ. സതീഷും മറ്റ് ഒന്‍പത് പേരും നല്‍കിയ പരാതിയിലാണ് വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ഷാജി പി ചാലി ബെഞ്ചിന്റേതാണ് വിധി.  വാദി ഭാഗത്തിന്  വേണ്ടി അഡ്വക്കേറ്റ് എംപി ശ്രീകൃഷ്ണന്‍, അഡ്വ. മുഹമ്മദ് മുസ്തഫ എന്നിവര്‍ ഹാജരായി. കെ ജയകുമാര്‍ ഐഎഎസ് വൈസ് ചാന്‍സലര്‍ ആയിരിക്കുമ്പോഴാണ് ഈ നിയമനങ്ങളെല്ലാം നടന്നത്.

നിയമനങ്ങള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ തസ്തികകളിലേക്ക് പുതിയ നിയമനങ്ങള്‍ നടത്തുന്നതിനായി വിഞ്ജാപനം പുറപ്പെടുവിക്കും. പുതിയ നിയമനങ്ങള്‍ ഉണ്ടാകുന്നത് വരെ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com