സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ മറ്റുവഴി തേടും; ആചാരം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കുമ്മനം

ഇപ്പോള്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ വരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്ന് കുമ്മനം
സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ മറ്റുവഴി തേടും; ആചാരം കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ മറ്റെന്തെങ്കിലും വഴി തേടുമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ വാക്കിലുറച്ചുനിന്നില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് എന്തെങ്കിലും വഴി തേടേണ്ടിവരും. ആചാരം കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഭക്തര്‍ക്കുണ്ടെന്നും കുമ്മനം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആചാരം ലംഘിക്കുന്നവര്‍ക്കൊപ്പമായിരുന്നു സര്‍ക്കാരും ദേവസ്വം ബോര്‍ഡും. അപ്പോള്‍ ഭക്തജനങ്ങള്‍ക്ക് ആചാരങ്ങള്‍ സംരക്ഷിക്കേണ്ട നിലപാട് എടുക്കേണ്ടി വന്നു. ഇത്തവണ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആചാരങ്ങള്‍ സംരക്ഷിക്കും എന്നാണ്. അത് തന്നെയാണ് ദേവസ്വം ബോര്‍ഡും പറഞ്ഞത്. അതുകൊണ്ട് ഇത്തവണ ആചാരങ്ങള്‍ ലംഘിക്കാനെത്തിയവരെ തിരിച്ചയക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ വരുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണെന്നും കുമ്മനം പറഞ്ഞു.

ഭക്തജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിലാണ് കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ലക്ഷക്കണക്കിന് ഭക്തന്‍മാര്‍ ഇത്തവണ ശബരിമലയില്‍ എത്തുന്നത്. സര്‍ക്കാര്‍ ഉറപ്പുപാലിക്കുന്നില്ലെങ്കില്‍ തത്ഫലമായി ഉണ്ടാകുന്ന ഏതുകാര്യങ്ങള്‍ക്കും ഉത്തരവാദി സര്‍ക്കാര്‍ ആയിരിക്കുമെന്ന് കുമ്മനം പറഞ്ഞു.

ഭക്തരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആചാരങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ്. ക്ഷേത്രങ്ങളുണ്ടായത് വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ്. വിശ്വാസങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ ക്ഷേത്രങ്ങള്‍ക്ക് നിലനില്‍ക്കാന്‍ പറ്റുകയുള്ളു. ആചാരങ്ങള്‍ അനുഷ്ഠിച്ചാല്‍ മാത്രമെ ക്ഷേത്രങ്ങള്‍ക്ക് അഭുംഗരം മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. അതുകൊണ്ട് ആചാരങ്ങളും വിശ്വാസവും ക്ഷേത്രവും പരസ്പരം ബന്ധപ്പെട്ട കാര്യങ്ങളാണ്. സമാധാനമായി തീര്‍ത്ഥാടനം നടത്തണമെങ്കില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശക്തമായ നടപടി സ്വീകരിക്കണമെന്നും കുമ്മനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com