ആ തള്ളപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്നത് തന്നെ; ശ്വാസം കിട്ടാതെ പിടഞ്ഞ് തീർന്നത് ആറ് കുഞ്ഞു ജീവനുകൾ; പോസ്റ്റുമോർട്ടം

വഞ്ചിയൂരിൽ ​ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു
ആ തള്ളപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്നത് തന്നെ; ശ്വാസം കിട്ടാതെ പിടഞ്ഞ് തീർന്നത് ആറ് കുഞ്ഞു ജീവനുകൾ; പോസ്റ്റുമോർട്ടം

തിരുവനന്തപുരം: വഞ്ചിയൂരിൽ ​ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നത് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഇപ്പോഴിതാ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു. ആ പൂച്ചയെ കെട്ടിത്തൂക്കിക്കൊന്നത് തന്നെ എന്ന് റിപ്പോർട്ടിൽ പറയുന്നു. തള്ളപ്പൂച്ചയെ കൊന്നപ്പോള്‍ വയറ്റിനുള്ളില്‍ കിടന്ന് ശ്വാസംമുട്ടി ആറ് കുഞ്ഞുങ്ങളാണ് മരിച്ചത്. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ക്രൂരതയുടെ ആഴം വ്യക്തമായത്. സംസ്ഥാനത്ത് തന്നെ നടക്കുന്ന അത്യപൂര്‍വമായ പൂച്ച പോസ്റ്റുമോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് വഞ്ചിയൂര്‍ പൊലീസിന് ലഭിച്ചത്.

രണ്ടാഴ്ച മുന്‍പായിരുന്നു ഞെട്ടലുളവാക്കിയ സംഭവം. ഗര്‍ഭിണിയായ പൂച്ചയെ കയറില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. സമൂഹ മാധ്യമങ്ങളില്‍ ആ ചിത്രം പ്രചരിച്ചതോടെ മൃഗ സ്നേഹികളുടെ സംഘടന വിഷയത്തില്‍ ഇടപെടുകയും വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുത്ത പൊലീസ് അത്യപൂര്‍വമായ പോസ്റ്റുമോര്‍ട്ടം നടപടിക്ക് തീരുമാനം എടുക്കുകയായിരുന്നു.

രണ്ട് കാര്യങ്ങളായിരുന്നു പൊലീസിന് അറിയേണ്ടത്. പൂച്ചയുടെ മരണ കാരണം കഴുത്തില്‍ കുരുങ്ങിയോ? അതോ സാധാരണ പോലെ വിഷവും മറ്റും കഴിച്ച് ചത്ത പൂച്ചയെ പിന്നീട് ആരെങ്കിലും കെട്ടിത്തൂക്കിയിട്ടതാണോ? പാലോട് മൃഗ ഗവേഷണ കേന്ദ്രത്തിലെ ഡോക്ടര്‍മാരാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. കഴുത്ത് ഞെരിക്കുമ്പോഴുള്ള ശ്വാസം മുട്ടല്‍ മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്നും സ്ഥിരീകരിച്ചു. ഇതുകൂടാതെ പ്രസവം അടുത്തിരുന്ന പൂച്ചയുടെ വയറ്റില്‍ ആറ് കുഞ്ഞുങ്ങളുണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ഇതോടെ കെട്ടിത്തൂക്കിക്കൊന്നതാണെന്നു ഉറപ്പിക്കുകയാണ് പൊലീസ്. സംഭവം പൂച്ചക്കൊലപാതകമാണെന്ന് ഉറപ്പായെങ്കിലും പ്രതിയെ എങ്ങിനെ പിടിക്കുമെന്നോ എന്ത് വകുപ്പ് ചുമത്തി ശിക്ഷിക്കുമെന്നോ പൊലീസിന് ഒരെത്തുംപിടിയുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com