കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നിറ്റ ജലാറ്റിന്‍; 200 കോടി നിക്ഷേപിക്കും; മുഖ്യമന്ത്രിക്കു വാഗ്ദാനം

കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നിറ്റ ജലാറ്റിന്‍; 200 കോടി നിക്ഷേപിക്കും; മുഖ്യമന്ത്രിക്കു വാഗ്ദാനം
കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ നിറ്റ ജലാറ്റിന്‍; 200 കോടി നിക്ഷേപിക്കും; മുഖ്യമന്ത്രിക്കു വാഗ്ദാനം

തിരുവനന്തപുരം: ജപ്പാനിലെ ഒസാക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത നിക്ഷേപ സെമിനാറില്‍ ജപ്പാനില്‍ നിന്ന് കേരളത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം. നിറ്റ ജലാറ്റിന്‍ കേരളത്തിലെ സംരംഭങ്ങളില്‍ 200 കോടി രൂപ അധിക  നിക്ഷേപം വാഗ്ദാനം ചെയ്തു. എട്ട് ജാപ്പനീസ് കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം തുടങ്ങാന്‍ താല്‍പര്യവും അറിയിച്ചു. 

നിറ്റ ജലാറ്റിന്‍ ഡയറക്ടര്‍ ഹിരോഷി നിട്ടയാണ് കമ്പനിയെ പ്രതിനിധീകരിച്ച് പ്രഖ്യാപനം നടത്തിയത്. ഒസാക്ക ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയില്‍ ഒസാക്കകോബിയിലെ കോണ്‍സുലേറ്റ് ജനറലും കേരള സര്‍ക്കാരും ചേര്‍ന്നാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ഇന്ത്യയിലെ ഫാക്ടറി എവിടെ വേണമെന്ന് പിതാവിന് തീരുമാനമെടുക്കേണ്ടി വന്നപ്പോള്‍ കേരളത്തെ തെരഞ്ഞെടുത്തു എന്നതില്‍ സന്തോഷമുണ്ടെന്ന് ഹിരോഷി നിട്ട പറഞ്ഞു. ലോജിസ്റ്റിക്കിനനുഗുണമായ നല്ല തീരുമാനമായിരുന്നു അതെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ ജപ്പാന്‍ വ്യവസായികള്‍ കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ അഭിനന്ദിച്ചതായി പൊതുജന സമ്പര്‍ക്ക വകുപ്പ് അറിയിച്ചു. ജപ്പാനും കേരളവും തമ്മിലുള്ള വ്യവസായ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. നിര്‍മ്മാണ, വ്യാവസായിക പശ്ചാത്തല സൗകര്യങ്ങള്‍, മാര്‍ക്കറ്റിംഗ് ഹബ്ബുകള്‍, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബയോ ടെക്‌നോളജി, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍, ആരോഗ്യ സംരക്ഷണം, കാര്‍ഷികാധിഷ്ഠിത വ്യവസായം എന്നിവ നിക്ഷേപിക്കാവുന്ന മേഖലകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയില്‍ സംരംഭകത്വവും സ്വകാര്യനിക്ഷേപവും നിര്‍ണായക പങ്കാണ് വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വ്യാവസായികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണെന്ന് നിട്ടയും ഇന്തോജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് കേരളയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഫ്രാസ്‌കോ അഡ്വാന്‍സ്ഡ് ടെക്‌നോളജിയിലെ പ്രമുഖനുമായ ടോഹ്‌റു യസൂദയും അഭിപ്രായപ്പെട്ടു.
കേരളത്തില്‍ നിക്ഷേപിക്കാനുള്ള പ്രധാന കാരണം സംസ്ഥാനത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരമാണെന്ന് യസൂദ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും വലിയ സാന്നിധ്യമായി മാറുന്നതിന് മനുഷ്യവിഭവം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തില്‍ കേരളം ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തന്റെ കമ്പനിയുടെ അനുഭവത്തെക്കുറിച്ച് നിറ്റയില്‍ നിന്ന് മനസ്സിലാക്കിയ എട്ട് വ്യവസായ സംരംഭകര്‍ നിക്ഷേപ താത്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞതായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ പറഞ്ഞു. കോബേഒസാക്കയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ബി. ശ്യാം, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്തു.
കേരളത്തിലെ വ്യവസായ സാധ്യതകള്‍ ഡോ. കെ. ഇളങ്കോവന്‍ അവതരിപ്പിച്ചു. ഫിഷറീസ്, ഗതാഗത മേഖലയുടെ നിക്ഷേപസാധ്യത കെ.ആര്‍ ജ്യോതിലാല്‍ വിവരിച്ചു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാനത്തിന്റെ മാലിന്യ സംസ്‌കരണത്തെക്കുറിച്ച് സംസാരിച്ചു.
വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. വി.കെ. രാമചന്ദ്രന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com