സ്‌കൂള്‍ വളപ്പില്‍ വട്ടം കറക്കി ടൂറിസ്റ്റ് ബസിന്റെ കൈവിട്ട കളി, കാറിലും ബൈക്കിലും കുട്ടികളുടെ അതി സാഹസികത; നിയമലംഘനം കൊല്ലത്ത്

ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി
സ്‌കൂള്‍ വളപ്പില്‍ വട്ടം കറക്കി ടൂറിസ്റ്റ് ബസിന്റെ കൈവിട്ട കളി, കാറിലും ബൈക്കിലും കുട്ടികളുടെ അതി സാഹസികത; നിയമലംഘനം കൊല്ലത്ത്

കൊല്ലം: ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്‌കൂള്‍ വളപ്പില്‍ കൈവിട്ട കളി. ബസിന് പുറമേ കാറിലും ബൈക്കിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് നിയമലംഘനം നടന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ചയാണ് സംഭവം. വിനോദയാത്രയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ് സ്‌കൂള്‍ വളപ്പില്‍ വച്ച് അഭ്യാസപ്രകടനം നടന്നത്. ടൂറിസ്റ്റ് ബസ് ഉപയോഗിച്ച് സ്‌കൂള്‍ വളപ്പില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.  കുട്ടികള്‍ ചുറ്റും കൂടി നില്‍ക്കുന്നതും കാണാം. ഇതില്‍ ഒരു കുട്ടി തനിക്ക് പേടിയാകുന്നതായി വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാന്‍ സാധിക്കും.

സ്‌കൂള്‍ ബസില്‍ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂള്‍ വളപ്പില്‍ ബസ് വട്ടം കറക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ഇതിന് പിന്നാലെ ഒരു നീല കാറിലും നിരവധി ബൈക്കുകളിലും വിദ്യാര്‍ത്ഥികള്‍ അഭ്യാസപ്രകടനം നടത്തി. സ്‌കൂള്‍ അധികൃതരുടെ അറിവോടെയാണോ ഈ നിയമലംഘനം എന്നതിനെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാനുണ്ട്. എങ്കിലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

വിനോദയാത്രയ്ക്ക് പോയ ബസ് ഇന്ന് വൈകീട്ടോടെ വിദ്യാര്‍ത്ഥികളുമായി തിരിച്ചെത്തും. തുടര്‍ന്ന് ബസ് ഡ്രൈവറെയും മറ്റു വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുകയുളളു. അന്വേഷണം ആരംഭിച്ചതായും ബസിന്റെ ഉടമയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും കൊട്ടാരക്കര എംവിഐ ഫിറോസ് അറിയിച്ചു. കൊട്ടാരക്കരയില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ബസാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബസ് ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്നും ഫിറോസ് വ്യക്തമാക്കി.

കൂടാതെ കാറിന്റെ ഉടമയെയും തിരിച്ചറിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ മാത്രമാണ് അവര്‍ സംഭവം അറിയുന്നതെന്ന് ഫിറോസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ജീപ്പ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് പിന്നാലെ വാഹനങ്ങള്‍ സ്‌കൂള്‍ വളപ്പിലും ക്യാംപസിലും പ്രവേശിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം നിലനില്‍ക്കുമ്പോഴാണ് നിയമലംഘനം ഉണ്ടായിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com