പാമ്പു കടിയേറ്റാണ് ഷഹല മരിച്ചത് എന്നതിന് എന്താണ് തെളിവ്? അധ്യാപകൻ ഹൈക്കോടതിയിൽ

ഷഹല ഷെറിന് പാമ്പു കടിയേറ്റുവെന്നു പറയുന്നതു സംശയം മാത്രമാണെന്ന് ആരോപണ വിധേയനായ അധ്യാപകൻ സിവി ഷജിൽ
പാമ്പു കടിയേറ്റാണ് ഷഹല മരിച്ചത് എന്നതിന് എന്താണ് തെളിവ്? അധ്യാപകൻ ഹൈക്കോടതിയിൽ

കൊച്ചി: ഷഹല ഷെറിന് പാമ്പു കടിയേറ്റുവെന്നു പറയുന്നതു സംശയം മാത്രമാണെന്ന് ആരോപണ വിധേയനായ അധ്യാപകൻ സിവി ഷജിൽ. പാമ്പു കടിയേറ്റുവെന്നത് തെളിയിക്കാൻ പോസ്റ്റുമോർട്ടം ചെയ്തിട്ടില്ലെന്നും ഷജിൽ ആരോപിക്കുന്നു. പ്രതി ചേർക്കപ്പെട്ട ഷജിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനായി സമർപ്പിച്ച ഹർജിയിലാണ് ആരോപണങ്ങൾ. 

കുട്ടിക്ക് പാമ്പു കടിയേറ്റുവെന്ന് പറഞ്ഞപ്പോൾ മറ്റ് വിദ്യാർത്ഥികളോട് ക്ലാസിൽ പോയി ഇരിക്കാൻ പറഞ്ഞത് ഷഹലയ്ക്ക് ശുദ്ധ വായു കിട്ടട്ടെ എന്നു കരുതി മാത്രമാണെന്ന് ഹർജിയിൽ ഇയാൾ പറയുന്നു. അതേ സമയത്ത് തന്നെ ഷൺമുഖൻ എന്ന അധ്യാപകൻ തന്റെ കാറിൽ കുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. കാറിന്റെ താക്കോൽ എടുക്കാൻ ഷൺമുഖൻ സ്റ്റാഫ് റൂമിലേക്ക് വന്ന സമയത്ത് തന്നെ ഷഹലയുടെ പിതാവ് എത്തി കുട്ടിയെ ഓട്ടോറിക്ഷയിൽ അസംപ്ഷൻ ആശുപത്രിയിലെത്തിച്ചച്ചു. അവിടെ നിന്ന് പിന്നീട് തിരിച്ച് താലൂക്ക് ആശുപത്രിയിലേക്ക് തന്നെ കുട്ടിയെ എത്തിക്കുകയായിരുന്നുവെന്നും ഷജിൽ ​ഹർജിയിൽ പറഞ്ഞു. 

കുട്ടിയുടെ രക്തത്തിൽ പാമ്പിൻ വിഷത്തിന്റെ അംശങ്ങൾ ഇല്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഷജിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരിക്കുന്നത്. 

വയനാട് സുൽത്താൻ ബത്തേരി ​ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസുകാരിയായ ഷ​ഹലയ്ക്ക് ക്ലാസ് മുറിയിൽ വച്ച് ഇക്കഴിഞ്ഞ 20നാണ് പാമ്പു കടിയേറ്റത്. കുട്ടിയെ ക‌ൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കുന്നതിൽ ഷജിലടക്കമുള്ള അധ്യാപകർ അനാസ്ഥ കാണിച്ചതായി ആരോപണമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഷജിൽ, പ്രധാന അധ്യാപകൻ കെകെ മോഹനൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എകെ കരുണാകരൻ എന്നിവരാണ് പ്രതി ചേർക്കപ്പെട്ടത്. മൂവരും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. മോഹനനും ഷജിലും ഹൈക്കോടതിയിലും കരുണാകരൻ ജില്ലാ സെഷൻസ് കോടതിയിലുമാണ് അപേക്ഷ സമർപ്പിച്ചത്. 

സംഭവം വലിയ വിവാദങ്ങൾക്കാണ് വഴി വച്ചത്. ഷഹലയുടെ സഹ പാഠികളും സ്കൂളിലെ മറ്റ് വി​ദ്യാർത്ഥികളും ഒന്നടങ്കം പ്രതിഷേധവുമായി രം​ഗത്തെത്തി ഷജിലടക്കമുള്ളവർക്കെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com