പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചു; അഭിനന്ദനത്തിന് പകരം അധ്യാപകന് മർദ്ദനം

എയ്ഡഡ് എൽപി സ്കൂൾ അധ്യാപകനാണ് ആശുപത്രിയിൽ അകാരണമായി മർദ്ദനമേൽക്കേണ്ടി വന്നത്
പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിച്ചു; അഭിനന്ദനത്തിന് പകരം അധ്യാപകന് മർദ്ദനം

കോഴിക്കോട്: പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻതന്നെ ആശുപത്രയിലെത്തിച്ച അധ്യാപകന് രക്ഷിതാവിന്റെ വക അഭിനന്ദനത്തിന് പകരം മർദ്ദനം. കുന്നുമ്മൽ ഉപ ജില്ലയിലെ ഒരു എയ്ഡഡ് എൽപി സ്കൂൾ അധ്യാപകനാണ് ആശുപത്രിയിൽ അകാരണമായി മർദ്ദനമേൽക്കേണ്ടി വന്നത്.

ഉച്ചയ്ക്കുള്ള ഒഴിവു സമയത്ത് സ്കൂൾ മൈതാനത്ത് കളിക്കുന്നതിനിടെ ഒരു വിദ്യാർത്ഥിക്ക് പരിക്കേറ്റു. ഉടൻ തന്നെ സ്കൂളിലെ രണ്ട് അധ്യാപകർ ചേർന്ന് അടുത്തുള്ള കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കുട്ടി ഛർദിച്ചതിനാൽ ഡോക്ടർ വിദ​ഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഈസമയം ആശുപത്രിയിലെത്തിയ രക്ഷിതാവ് അധ്യാപകരുമായി വഴക്കുണ്ടാക്കുകയും ഒരു കാരണവുമില്ലാതെ അധ്യാപകനെ മർദ്ദിക്കുകയും ചെയ്തു.

പിന്നീട് ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിൽ കാര്യമായ കുഴപ്പമൊന്നും കാണാത്തതിനാൽ മരുന്ന് നൽകി വിട്ടയച്ചു. അടിയേറ്റ അധ്യാപകൻ കോഴിക്കോട്ട് നിന്ന് ഡിവിഷൻ നഷ്ടപ്പെട്ട് ജോലി സംരക്ഷണത്തിന്റെ ഭാ​ഗമായി താത്കാലിക നിയമനം ലഭിച്ച ആളാണ്.

ബുധനാഴ്ച കാലത്ത് പിടിഎ ഭാരവാഹികളും ചങ്ങരോത്ത് ​ഗ്രാമ പഞ്ചായത്ത് അധിക‌ൃതരും സ്കൂളിലെത്തി പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും രക്ഷിതാവ് പരസ്യമായി മാപ്പ് പറഞ്ഞുവെന്നും താത്കാലിക ചുമതലയുള്ള പ്രധാന അധ്യാപിക പറഞ്ഞു. കുന്നുമ്മൽ എഇഒ മോഹനൻ ബുധനാഴ്ച സ്കൂളിലെത്തി അന്വേഷണം നടത്തി. കേസുമായി മുന്നോട്ട് പോയാൽ കുട്ടികളെ പിൻവലിക്കുമെന്ന് ചില രക്ഷിതാക്കൾ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ജോലി സംരക്ഷണത്തിന്റെ ആനുകൂല്യത്തിൽ ഇവിടെയെത്തിയ അധ്യാപകൻ പൊലീസിൽ പരാതി നൽകാതിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com