ഫ്രാൻസിൽ ജോലിയെന്ന് പറഞ്ഞ് തട്ടിയെടുത്തത് നാലരക്കോടിയോളം, പോളണ്ടിൽ രണ്ട് ഫ്ലാറ്റുകൾ വാങ്ങി, ഒടുവിൽ അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2019 06:54 AM |
Last Updated: 29th November 2019 06:54 AM | A+A A- |
കോട്ടയം: ഫ്രാൻസിൽ ജോലി വാഗ്ദാനം ചെയ്ത് നാലരക്കോടി രൂപയോളം തട്ടിയെടുത്ത രണ്ടംഗ സംഘം പിടിയിൽ. കൊല്ലം സ്വദേശിയായ അജി (36), കോഴിക്കോട് സ്വദേശിയായ എൻ.കെ അക്ഷയ് (26) എന്നിവരാണ് പിടിയിലായത്. 40 പേരിൽ നിന്നാണ് ഇവർ നാലരക്കോടിയോളം രൂപ തട്ടിയെടുത്തത്.
കിടങ്ങൂർ സ്വദേശിയായ ബിനു ജോണിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ബിനുവിൽ നിന്ന് 10.65 ലക്ഷം രൂപയാണ് അക്ഷയ്‌യും അജിയും ചേർന്ന് വാങ്ങിയത്. ഫ്രാൻസിൽ ജോലി നൽകാമെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. എന്നാൽ തട്ടിയെടുത്ത പണം ആർഭാട ജീവിതത്തിനായി പ്രതികൾ ഉപയോഗിച്ചെന്നാണ് പൊലീസ് കണ്ടെത്തിയത്. അക്ഷയ് പോളണ്ടിൽ രണ്ട് കോടി രൂപ വിലയുള്ള രണ്ട് ഫ്ലാറ്റുകൾ വാങ്ങിയിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പൊലീസന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ പ്രതികളെ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പഞ്ചാബിലെ സിർക്പുർ എന്ന സ്ഥലത്തെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഡിവൈഎസ്പി ഷാജിമോൻ ജോസഫ്, കിടങ്ങൂർ സിഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായാണു സൂചന.