യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം, കല്ലേറ്; തലപൊട്ടി ചോര വന്നാലും സ്ഥാപനത്തെ സംരക്ഷിക്കണമെന്ന് കെ എം അഭിജിത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2019 06:33 PM |
Last Updated: 29th November 2019 06:33 PM | A+A A- |
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ തുടര്‍ച്ചയായ നാലാം ദിവസവും സംഘര്‍ഷം. എസ്എഫ്‌ഐയുമായുളള സംഘര്‍ഷത്തില്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് പരിക്കേറ്റു. യൂണിവേഴ്‌സിറ്റി കോളജിലേക്ക് പ്രകടനമായെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നേരിട്ടതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തങ്ങള്‍ക്ക് നേരെ എസ്എഫ്‌ഐ കല്ലേറിഞ്ഞതായി കെഎസ്് യു ആരോപിക്കുന്നു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു റോഡ് ഉപരോധിക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രവര്‍ത്തകര്‍ക്ക് ഒപ്പം കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. അതേസമയം കെഎസ്‌യു ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐയും റോഡ് ഉപരോധിക്കുകയാണ്.
ബുധനാഴ്ച രാത്രി യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചയോടെ കോളജ് ക്യാമ്പസില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതിയുയര്‍ന്നു. ഇത് അന്വേഷിക്കാനായാണ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രകടനമായി യൂണിവേഴ്‌സിറ്റി കോളേജിലെത്തിയത്.
പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറിയുകയും ഇരുമ്പുദണ്ഡും പട്ടികയും ഉപയോഗിച്ച് എസ്എഫ്‌ഐ മര്‍ദിച്ചതായും അഭിജിത്ത് ആരോപിക്കുന്നു.
'ചെവി പൊട്ടിയാലും ചോര വന്നാലും കുഴപ്പമില്ല. ഈ ഗുണ്ടകളെ അറസ്റ്റ് ചെയ്ണം. ഇത് അനീതിയുടെ കേന്ദ്രമാണ്. മരിച്ചാലും കുഴപ്പമില്ല. ഇവരെ അറസ്റ്റ് ചെയ്തിട്ടേ മടങ്ങൂ. എന്ത് ജനാധിപത്യമാണ് ഇവര്‍ പറയുന്നത്?. ഒരു സ്വാതന്ത്ര്യവും ഇല്ല. ഇവിടെ ഒരു സോഷ്യലിസവുമില്ല.തലപൊട്ടി ചോരവന്നാലും ഈ സ്ഥാപനത്തെ സംരക്ഷിക്കണം.'- അഭിജിത്ത് പറയുന്നു.