സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെക്കൊണ്ട് നിര്‍ബന്ധിച്ച് ഗ്യാസ് സിലിണ്ടര്‍ എടുപ്പിച്ചു, കാലില്‍ വീണ് പരിക്ക്; ജീവനക്കാരന് സസ്പെൻഷൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th November 2019 08:28 AM |
Last Updated: 29th November 2019 08:28 AM | A+A A- |
കൊച്ചി (വൈപ്പിൻ): പാചകവാതക സിലിണ്ടര്‍ കാലിൽ വീണ് എട്ടാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ സ്കൂൾ ജീവനക്കാരന് സസ്പെൻഷൻ. സ്കൂളിലെ പാചക ആവശ്യങ്ങൾക്കായി കൊണ്ടുവന്ന സിലിണ്ടര്‍ കാലിൽ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. കുട്ടിയെക്കൊണ്ട് നിർബന്ധിച്ച് നിറ സിലിണ്ടര്‍ എടുപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയതിനെ തിടർന്നാണ് നടപടി. കെ പി ഗോപാലകൃഷ്ണൻ എന്ന ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട് പരിക്കുകളോടെ വീട്ടിലെത്തിയ കുട്ടി കാര്യങ്ങൾ രക്ഷിതാക്കളോട് വിവരിക്കുകയായിരുന്നു. പരാതിയുമായി സ്കൂളിലെത്തിയ രക്ഷിതാവിനോട് പ്രധാനാധ്യാപികയടക്കം സംഭവം നിഷേധിച്ചു. പിന്നീട് കുട്ടിയുമായെത്തി സംഭവം വിവരിക്കുകയായിരുന്നു. സഹപാഠികളും കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് അധികൃതർ വീഴ്ച സമ്മതിച്ചത്.
ചൊവ്വാഴ്ച നടന്ന സംഭവത്തിൽ നടപടിയെടുക്കാഞ്ഞതിനെതുടർന്ന് വ്യാഴാഴ്ച പി ടി എയ്ക്ക് പരാതി നൽകുകയായിരുന്നു. രേഖാമൂലം പരാതി ലഭിക്കാത്തതിനാൽ നടപടിയെടുക്കുന്നതിന് തടസ്സമുണ്ടെന്നായിരുന്നു അധികൃതർ അറിയിച്ചത്. രക്ഷിതാവിന്റെ പരാതിയെത്തുടർന്ന് പി ടി എ ഇടപെട്ടാണ് ജീവനക്കാരനെതിരെ നടപടി വേഗത്തിലാക്കിയത്.
വിദ്യാർഥിക്ക് പരിക്കേറ്റിട്ടും സ്കൂൾ അധികൃതർ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്. രക്ഷിതാക്കളാണ് കുട്ടിയെ ഞാറയ്ക്കലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.