'എന്റെ മുതുകില്‍ ആഞ്ഞടിച്ചു, അസഭ്യം പറഞ്ഞു, ജാമ്യമില്ലാ വകുപ്പില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി'; വനിതാ മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകയുടെ പരാതി

വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഭിഭാഷകയുടെ  പരാതി
'എന്റെ മുതുകില്‍ ആഞ്ഞടിച്ചു, അസഭ്യം പറഞ്ഞു, ജാമ്യമില്ലാ വകുപ്പില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തി'; വനിതാ മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകയുടെ പരാതി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റ് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഭിഭാഷകയുടെ  പരാതി. ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വനിത മജിസ്‌ട്രേറ്റ് ദീപാ മോഹനെതിരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായ രാജേശ്വരി ആര്‍ കെയാണ് വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഇന്നലെ ഉച്ചയ്ക്ക് വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് സംഭവം. 'സഹപ്രവര്‍ത്തകരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ഞാന്‍. ഈസമയത്ത് കോടതിയിലേക്ക് പോകുന്നതിനായി ആ വഴി കടന്നുവന്ന മജിസ്‌ട്രേറ്റ് ദീപാ മോഹന്‍ എന്റെ മുതുകില്‍ ആഞ്ഞടിച്ചു. തുടര്‍ന്ന് അസഭ്യം പറയുകയും എന്നോട് കളിച്ചാല്‍ നിന്നെയൊക്കെ ജാമ്യമില്ലാ വകുപ്പില്‍ അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു'- രാജേശ്വരി പരാതിയില്‍ പറയുന്നു.

സഹപ്രവര്‍ത്തകരുടെയും മറ്റ് അഭിഭാഷകരുടെയും മുന്നില്‍ വച്ച് തന്നെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത മജിസ്‌ട്രേറ്റിന്റെ നടപടി മാനഹാനിക്ക് ഇടയാക്കിയതായും പരാതിയില്‍ പറയുന്നു. അഭിഭാഷകയുടെ പരാതിയില്‍ കോടതിയുടെ അനുമതിയോടെ നടപടി സ്വീകരിക്കുമെന്ന് വഞ്ചിയൂര്‍ പൊലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട് നല്‍കുമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം വഞ്ചിയൂര്‍ കോടതിയില്‍ വനിത മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞുവെച്ചു ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയതാണ് പ്രതിഷേധത്തിനിടയാക്കിയത്. സംഭവത്തില്‍ അഭിഭാഷകര്‍ക്ക് എതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. നേരത്തെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് അടക്കമുളള വകുപ്പുകള്‍ ചുമത്തി അഭിഭാഷകര്‍ക്ക് എതിരെ പൊലീസും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com