'ദൃശ്യങ്ങൾ കൈമാറാനാകില്ല' ; ദിലീപിന് തിരിച്ചടി ; വീഡിയോയുടെ പകർപ്പ് വേണമെന്ന ഹർജി സുപ്രിംകോടതി തള്ളി

കാറില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്
'ദൃശ്യങ്ങൾ കൈമാറാനാകില്ല' ; ദിലീപിന് തിരിച്ചടി ; വീഡിയോയുടെ പകർപ്പ് വേണമെന്ന ഹർജി സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടൻ ദിലീപിന് കനത്ത തിരിച്ചടി. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രിംകോടതി തള്ളി. ദൃശ്യങ്ങൾ കൈമാറേണ്ടതില്ലെന്ന് കോടതി വിധിച്ചു. നടിയുടെ സ്വകാര്യത മാനിക്കണമെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ദൃശ്യങ്ങൾ ദിലീപിന് കാണാമെന്നും പരിശോധിക്കാമെന്നും, എന്നാൽ വീഡിയോയുടെ പകർപ്പ് കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കർശനമായ നിബന്ധനകളോടെ ദിലീപിനോ, അദ്ദേഹത്തിന്റെ അഭിഭാഷകനോ ദൃശ്യങ്ങൾ  പരിശോധിക്കാമെന്നാണ് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കറും ദിനേശ് മഹേശ്വരിയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചത്.  ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് തന്‍റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.  സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങൾ കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്ത​ഗിയാണ് ഹാജരായത്.

കാറില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അത് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. വാട്ടര്‍ മാര്‍ക്ക് അടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്നും എന്നാല്‍ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ദൃശ്യങ്ങള്‍ നല്‍കുന്നത് പരാതിക്കാരിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് നടിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com