നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണം: സുപ്രീംകോടതി

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി. ആറു മാസത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി വിചാരണകോടതിയോട് നിര്‍ദേശിച്ചു. ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിര്‍ദേശിച്ചത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഭാഗികമായി അംഗീകരിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ദൃശ്യങ്ങള്‍ ദിലീപിന് കൈമാറേണ്ട എന്ന് വ്യക്തമാക്കിയ സുപ്രീംകോടതി  ദൃശ്യങ്ങള്‍  കാണണമെങ്കില്‍ ദിലീപിന് മജിസ്‌ട്രേറ്റിനോട് അക്കാര്യം ആവശ്യപ്പെടാമെന്നും ഉത്തരവില്‍ പറയുന്നു. അഭിഭാഷകര്‍ക്ക് ഒപ്പമോ, ഐ ടി വിദഗ്ദ്ധര്‍ക്ക് ഒപ്പമോ ദൃശ്യങ്ങള്‍ ദിലീപിന് കാണാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ രേഖ എന്ന നിലയില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെടാന്‍ പ്രതിക്ക് നിയമപരമായ അവകാശമുണ്ട്. എന്നാല്‍ നടിയുടെ സ്വകാര്യത കണക്കിലെടുത്താണ് ദൃശ്യങ്ങള്‍ പ്രതിക്ക് നേരിട്ട് നല്‍കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തിയത്. പ്രതിയുടെ നിയമപരമായ അവകാശത്തേക്കാള്‍ നടിയുടെ മൗലിക അവകാശത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്ന് നിരീക്ഷിച്ചാണ് കോടതി നടപടി.

ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്ന കാര്യം സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് പരിശോധിപ്പിക്കാം. ദിലീപ് തെരഞ്ഞെടുക്കുന്ന വിദഗ്ദ്ധര്‍ക്ക് പരിശോധിക്കേണ്ട വിഷയങ്ങള്‍ തയ്യാറാക്കാം. സി എഫ് എസ് എല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യുഷന്‍ സാക്ഷികളെ വിസ്തരിക്കാം. അതേസമയം ഈ റിപ്പോര്‍ട്ട് വിചാരണ പൂര്‍ത്തിയാക്കുന്നത് വരെ കേസിലെ പ്രതികള്‍ക്കോ അവര്‍ ചുമതലപെടുത്തുന്നവര്‍ക്കോ മാത്രമേ ലഭ്യമാക്കാവൂ എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍  കാണണമെങ്കില്‍ ദിലീപിന് മജിസ്‌ട്രേറ്റിനോട് അക്കാര്യം ആവശ്യപ്പെടാം. അഭിഭാഷകര്‍ക്ക് ഒപ്പമോ, ഐ ടി വിദഗ്ദ്ധര്‍ക്ക് ഒപ്പമോ ദൃശ്യങ്ങള്‍ ദിലീപിന് കാണാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണാനുള്ള അവസരം ഉപയോഗിച്ച് വിചാരണ അനന്തമായി വൈകിപ്പിക്കരുത് എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ അവ പകര്‍ത്തുന്നില്ല എന്ന് വിചാരണ കോടതി ഉറപ്പ് വരുത്തണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കാറില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അത് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. വാട്ടര്‍ മാര്‍ക്ക് അടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണെങ്കിലും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് കൈമാറണമെന്നും എന്നാല്‍ മാത്രമേ കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാനാകൂ എന്നും ദിലീപ് ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ദൃശ്യങ്ങള്‍ നല്‍കുന്നത് പരാതിക്കാരിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. സ്വകാര്യത മാനിക്കണമെന്ന് ആവശ്യപ്പെട്ട് നടിയും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കിട്ടിയാല്‍ ദിലീപ് ദുരുപയോഗിക്കുമെന്ന് ചൂണ്ടിക്കാണിച്ച് 12 പേജ് വരുന്ന അപേക്ഷയാണ് നടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com