പൊലീസ് കൈകാണിക്കാതെ ലാത്തി എറിഞ്ഞു ; ടയറില്‍ കുരുങ്ങി നിയന്ത്രണം വിട്ടു, ആശുപത്രിയിലെത്തിച്ച് പൊലീസുകാര്‍ മുങ്ങിയെന്നും സിദ്ധിഖ്

താലൂക്ക് ആശുപത്രിയില്‍ ട്രോളിയില്‍ കിടത്തി ഒരു കമ്പൗണ്ടറെ ഏല്‍പ്പിച്ച് പൊലീസുകാര്‍ മുങ്ങി
അപകടത്തിൽ തകർന്ന ബൈക്ക്
അപകടത്തിൽ തകർന്ന ബൈക്ക്

തിരുവനന്തപുരം : പൊലീസ് കൈകാണിക്കാതെ ലാത്തി എറിയുകയായിരുന്നുവെന്ന് കൊല്ലം കടയ്ക്കലില്‍ ഹെല്‍മറ്റ് വേട്ടക്കിടെ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ സിദ്ധിഖ് പറഞ്ഞു. ബൈക്കുമായി താന്‍ വരുമ്പോല്‍ പൊലീസുകാര്‍ കൈകാണിച്ചിരുന്നില്ല. ബൈക്ക് അടുത്തെത്തിയപ്പോള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തിന് മുന്നിലുണ്ടായിരുന്ന പൊലീസുകാരന്‍ പെട്ടെന്ന് ചാടിയിറങ്ങി ലാത്തി എറിയുകയായിരുന്നു.  ലാത്തി ബൈക്കിന്‍രെ ടയറില്‍ കുരുങ്ങിയാണ് അപകടം ഉണ്ടായതെന്നും സിദ്ധിഖ് പറഞ്ഞു.

വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നില്ല. കൈകാണിച്ചിട്ടും വാഹനം നിര്‍ത്തിയില്ലെന്ന പൊലീസിന്റെ  വാദം കളവാണെന്നും സിദ്ധിഖ് പറഞ്ഞു. ലാത്തി ടയറില്‍ കുരുങ്ങിയതോടെ നിയന്ത്രണം വിട്ട് ബൈക്ക് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ സിദ്ധിഖ് അല്‍പ്പനേരം റോഡില്‍ കിടന്നു.

സ്ഥലത്തെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ ബഹളം ഉണ്ടാക്കിയതോടെയാണ് പൊലീസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയത്. ഈ സമയത്ത് പൊലീസുകാര്‍ ഓട്ടോക്കാരെ അസഭ്യം പറയുന്നുണ്ടായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ട്രോളിയില്‍ കിടത്തി ഒരു കമ്പൗണ്ടറെ ഏല്‍പ്പിച്ച് പൊലീസുകാര്‍ മുങ്ങി. ഇതോടെ അരമണിക്കൂറോളം ചികില്‍സ വൈകിയെന്നും സിദ്ധിഖ് പറഞ്ഞു.

പരിക്കേറ്റ് കിടന്ന സിദ്ധിഖിന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഡോക്ടര്‍മാര്‍ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. കാലിന് ആഴത്തില്‍ പരിക്കേറ്റിരുന്നു. ഇതിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തലയ്‌ക്കേറ്റ പരിക്ക് കണ്ണിന്റെ കാഴ്ചയെ ബാധിച്ചിട്ടുണ്ടോ എന്ന പരിശോധനകളാണ് തുടരുന്നത്.

വാഹനപരിശോധനയ്ക്കിടെ ലാത്തിയെറിഞ്ഞ പൊലീസുകാരന്‍ സിപിഒ ചന്ദ്രമോഹനെ ഇന്നലെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഐപിസി 336, 337 വകുപ്പുകല്‍ മാത്രമാണ് ചുമത്തിയത്. ഇത് പൊലീസുകാരനെ രക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com