പ്ലാസ്റ്റിക് നിരോധനം: മൂന്നുവിഭാഗങ്ങളെ ഒഴിവാക്കി

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. 2020 ജനുവരി 1 മുതലാണ് പ്ലാസ്റ്റിക് നിരോധനം. കര്‍ശനമായി നടപ്പാക്കാനുള്ള ചുമതല കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവരെ ഏല്‍പ്പിച്ചു്. നിരോധനത്തില്‍ നിന്ന് ആരോഗ്യ, കയറ്റുമതി മേഖല അടക്കം 3 വിഭാഗത്തെ ഒഴിവാക്കി.

കയറ്റുമതിക്ക് നിര്‍മിച്ച ബാഗ്, ഇതര വസ്തുക്കള്‍, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കു പുറമേ സംസ്‌കരിക്കാവുന്ന പ്ലാസ്റ്റിക് (കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്) ഉപയോഗിച്ചുള്ള വസ്തുക്കളെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. നിരോധിക്കുന്നവയ്ക്കു പകരം ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വ്യവസായ പാര്‍ക്കുകളിലെ 5% ഭൂമി മാലിന്യസംസ്‌കരണത്തിനു നീക്കിവയ്ക്കണം. സംസ്‌കരണ സംവിധാനം ആരംഭിക്കാന്‍ സ്ഥലം നാമമാത്ര വിലയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.  

നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ 10000 രൂപയാണ് പിഴ. രണ്ടാംവട്ടം 25000, വീണ്ടും ആവര്‍ത്തിച്ചാല്‍ 50000 രൂപ. ബവ്‌റിജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി എന്നിവര്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും തിരിച്ചെടുക്കണം.

ഗോതമ്പ്, ചോളം എന്നിവയിലെ പ്രോട്ടീന്‍ ഘടകം ഉപയോഗിച്ചു നിര്‍മിക്കുന്നതാണു കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്. ഇതു ഫ്‌ലെക്‌സുകള്‍ക്കു പകരം ഉപയോഗിക്കാറുണ്ട്. അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന കംപോസ്റ്റബിള്‍ പ്ലാസ്റ്റിക് മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബാഗുകള്‍ക്കു ബദലായി ബയോ ഡിഗ്രേഡബിള്‍ ബാഗുകള്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് വ്യവസായവകുപ്പ് പ്രോല്‍സാഹനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com