യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ റെയ്ഡ് ; അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ; മുഖ്യപ്രതി ഒളിവില്‍

ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വന്‍ പൊലീസ് സംഘം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് ഇരച്ചെത്തിയത്
യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ റെയ്ഡ് ; അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ; മുഖ്യപ്രതി ഒളിവില്‍

തിരുവനന്തപുരം : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളേജ് ഹോസ്റ്റലില്‍ നടത്തിയ റെയ്ഡില്‍ എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളായ അഞ്ചുപേര്‍ അറസ്റ്റിലായി. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമല്‍ മുഹമ്മദ്, ടി ശംഭു, അജ്മല്‍, വിഘ്‌നേഷ്, ആര്‍ സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം കെഎസ് യു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച മഹേഷിനെ കണ്ടെത്തായില്ല.

പിടിയിലായവര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തിലും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേര്‍ക്കുള്ള ആക്രമണത്തിലും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വന്‍ പൊലീസ് സംഘം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനകത്ത് കയറിയത്. ഇങ്ങനെയാണ് അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.

മുന്നിലെ ഗേറ്റിലൂടെ വലിയൊരു സംഘം പൊലീസെത്തിയതിനൊപ്പം തന്നെ, പിന്നിലെ ഗേറ്റിലൂടെയും രഹസ്യമായി കന്റോണ്‍മെന്റ് സിഐയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം ഹോസ്റ്റലിനകത്ത് കയറി. ഹോസ്റ്റലിന് പുറത്ത് മാത്രമാണ് പരിശോധനയെന്ന പ്രതീതി വരുത്തിത്തീര്‍ത്തായിരുന്നു പൊലീസ് നടപടി. വെള്ളിയാഴ്ച വൈകിട്ട് നടന്ന അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്ത വിദ്യാര്‍ത്ഥികളെയാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് കണ്ടെത്തി പിടികൂടിയത്.

ഇവരെ ഓരോരോ ഗേറ്റിലൂടെ രഹസ്യമായിത്തന്നെ പൊലീസ് പുറത്തുകൊണ്ടുപോയി. മുന്‍വശത്തെ ഗേറ്റിലൂടെ ഇവരെ പുറത്തിറക്കാതിരുന്നതിനാല്‍ ആരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പുറത്തുള്ളവര്‍ക്ക് മനസ്സിലായതുമില്ല. ബുധനാഴ്ച ഇതേ ഹോസ്റ്റലില്‍ വച്ച് കെഎസ്!യു പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്‌ഐ നേതാവായിരുന്ന 'ഏട്ടപ്പന്‍' എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com