'ആനയെ കൊടുത്താലും ആശ കൊടുക്കരുത്'; അമിത് ഷായോടും മോദിയോടും ബിഡിജെഎസ് 

അഞ്ചരവര്‍ഷമായിട്ടും ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിലെ അതൃപ്തി പരസ്യമാകുന്നു
'ആനയെ കൊടുത്താലും ആശ കൊടുക്കരുത്'; അമിത് ഷായോടും മോദിയോടും ബിഡിജെഎസ് 

കൊച്ചി: അഞ്ചരവര്‍ഷമായിട്ടും ബിജെപി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിലെ അതൃപ്തി പരസ്യമാകുന്നു. അഞ്ചു നിയമസഭ സീറ്റുകളിലേക്കുളള ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍, ബിജെപിയെ വിമര്‍ശിച്ച് ബിഡിജെഎസ് ജനറല്‍ സെക്രട്ടറി ടിവി ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍ ചര്‍ച്ചയാകുന്നു. ആനയെ കൊടുത്താലും ആശ കൊടുക്കരുത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ടി വി ബാബു ഓര്‍മ്മപ്പെടുത്തി.

ബിഡിജെഎസിന്റെ ശക്തി അളക്കുവാന്‍ ഈ ഉപതെരഞ്ഞെടുപ്പുകള്‍ ധാരാളമെന്ന് ടി വി ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'നിലപാടുകള്‍ തുറന്നു പറയും, ധീരമായി മുന്നേറും.ആര്‍ക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തില്‍ ധാരാളം ഇടമുണ്ട്.ദരിദ്ര ജനതക്ക് അധികാര അവസരങ്ങള്‍ പങ്കിടാന്‍ മൂന്നു മുന്നണികളും തയ്യാറല്ല. ബി ഡി ജെ എസിനു മുന്നില്‍ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നില്‍ക്കണമെന്ന ഭാവത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. ബിഡിജെഎസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു.' - ടി വി ബാബു കുറിച്ചു.

നേരത്തെ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂര്‍ നിയമസഭ സീറ്റ് ബിഡിജെഎസിന് മാറ്റിവെയ്ക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. എന്നാല്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ ഇതുവരെ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രചാരണത്തില്‍ എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്.


കുറിപ്പിന്റെ പൂര്‍ണരൂപം

ബിഡിജെഎസ് ന്റെ ശക്തി അളക്കുവാന്‍ ഈ ഉപതെരഞ്ഞെടുപ്പുകള്‍
ധാരാളം. നിലപാടുകള്‍ തുറന്നു പറയും, ധീരമായി മുന്നേറും. ആര്‍ക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തില്‍ ധാരാളം ഇടമുണ്ട്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്ര ജനതക്ക് അധികാര വസരങ്ങള്‍ പങ്കിടാന്‍ മൂന്നു മുന്നണികളും തയ്യാറല്ല.ബി ഡി ജെ എസിനു മുന്നില്‍ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നില്‍ക്കണമെന്ന ഭാവത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. ബി ഡി ജെ എസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു.ലോകാരാധ്യരായി ഉയര്‍ന്നു വന്ന ബഹു: ശ്രീ. നരേന്ദ്ര മോഡിജി യോടും ശ്രീ: അമിത്ഷാ ജിയോടും ഓര്‍മ്മിപ്പിക്കാനുള്ളത് ഇത്രമാത്രം ' ആനയെ കൊടുത്താലും ആശകൊടുക്കരുതേ '

ബി ഡി ജെ എസ് അണികള്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. അഭിമാനകരമായ രാഷ്ട്രീയ അദ്ധ്വാനത്തിന് തയ്യാറാവുക.
ടി.വി.ബാബു,
ജനറല്‍ സെക്രട്ടറി
ബി ഡി ജെ എസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com