'ഏക് ദിൻ കാ പ്രിന്‍സിപ്പല്‍' ആയി മഹാരാജാസിന്റെ രോഹിണി ചേച്ചി ; 'യൂണിയന്‍ ഉദ്ഘാടന ദിവസത്തെ ചുമതല സങ്കല്‍പ്പിക്കാത്ത ഭാഗ്യം'

കോളേജ് ക്യാമ്പസിലേക്ക് രോഹിണി ടീച്ചര്‍ കയറിപ്പോകുന്ന ചിത്രം പങ്കുവെച്ച് കുട്ടികളും പൂര്‍വ വിദ്യാര്‍ത്ഥികളും ആഘോഷമാക്കി
'ഏക് ദിൻ കാ പ്രിന്‍സിപ്പല്‍' ആയി മഹാരാജാസിന്റെ രോഹിണി ചേച്ചി ; 'യൂണിയന്‍ ഉദ്ഘാടന ദിവസത്തെ ചുമതല സങ്കല്‍പ്പിക്കാത്ത ഭാഗ്യം'

കൊച്ചി : മഹാരാജാസിന്റെ തലമുറകള്‍ക്ക് സുപരിചിതയാണ് രോഹിണി ടീച്ചര്‍.  ചിലര്‍ക്ക് ചേച്ചിയായും ചിലര്‍ക്ക് ടീച്ചറായും. തിങ്കളാഴ്ച കോളേജ് യൂണിയന്‍ ഉദ്ഘാടന ദിവസം രോഹിണി ടീച്ചര്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് അതിരറ്റ ആനന്ദമായി. 

തിങ്കളാഴ്ച പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഇല്ലാതിരുന്നതോടെയാണ് മുതിര്‍ന്ന അധ്യാപികയായ രോഹിണി ടീച്ചര്‍ പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചത്. മഹാരാജാസ് കോളേജ് ക്യാമ്പസിലേക്ക് രോഹിണി ടീച്ചര്‍ കയറിപ്പോകുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് കുട്ടികളും പൂര്‍വ വിദ്യാര്‍ത്ഥികളും അത് ആഘോഷമാക്കി. ഒരു ദിവസത്തെ മാത്രം സന്തോഷമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പലരും ചിത്രം പങ്കുവെച്ചത്. 

എന്നാല്‍ ആഘോഷിക്കാന്‍ മാത്രം ഇതിലൊന്നുമില്ല എന്നാണ് വിദ്യാര്‍ത്ഥികളുടെ ആഹ്ലാദത്തിന് രോഹിണി ടീച്ചറുടെ മറുപടി. ഞാന്‍ ഇപ്പോഴും മഹാരാജാസിലെ അദ്ധ്യാപിക മാത്രമാണ്. പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും മറ്റു ഡ്യൂട്ടികള്‍ ഉള്ളതിനാല്‍ കോളേജില്‍ ഇല്ല. എന്നേക്കാള്‍ സീനിയറായ മറ്റു ചില അധ്യാപകര്‍ക്ക് ജോലി തിരക്കുകള്‍ ഉള്ളത് കൊണ്ട് ഞാന്‍ ചാര്‍ജ് എടുത്തു. ഇതൊക്കെ സാധാരണ നടപടി ക്രമം മാത്രം. എങ്കിലും, എന്റെ സര്‍വീസ് കാലത്തെ അവസാന യൂണിയന്‍ ഉദ്ഘാടന ദിവസം തന്നെ, അതും ഉദ്ഘാടകന്‍ ബിപിന്‍ ചന്ദ്രന്‍ ആണെന്നിരിക്കെ ആ ചുമതല കിട്ടിയത് ഒരിക്കലും സങ്കല്‍പ്പിക്കാത്ത ഭാഗ്യമായി എന്ന് രോഹിണി ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

1981 ല്‍ ബിഎസ് സി സുവോളജി വിദ്യാര്‍ത്ഥിയായാണ് രോഹിണി മഹാരാജാസ് കോളേജിലെത്തുന്നത്. തുടര്‍ന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം. 86 ല്‍ കോളേജില്‍ നിന്നും പുറത്തിറങ്ങി. എങ്കിലും മഹാരാജാസിലെ നിത്യസാന്നിധ്യമായിരുന്നു രോഹിണി. 2004 ല്‍ ഇംഗ്ലീഷ് അധ്യാപികയായി രോഹിണി കലാലയത്തിലേക്ക് തിരിച്ചെത്തി. ഇടയ്ക്ക് തൃപ്പൂണിത്തുറ ഗവണ്‍മെന്റ് കോളേജിലേക്ക് പോയെങ്കിലും അഞ്ചുമാസത്തിനകം ടീച്ചര്‍ മഹാരാജാസില്‍ തന്നെ മടങ്ങിയെത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com