ഗഡ്കരിയുടെ ശാസന ഫലം കണ്ടു; ദേശീയ പാതാ വികസനത്തില്‍ കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്രം

ദേശീയ പാതാ വികസന വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി
ഗഡ്കരിയുടെ ശാസന ഫലം കണ്ടു; ദേശീയ പാതാ വികസനത്തില്‍ കേരളത്തിന്റെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ദേശീയ പാതാ വികസന വിഷയത്തില്‍ കേരളത്തിന്റെ നിര്‍ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കാമെന്ന നിര്‍ദേശത്തിനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കിയത്. ഈ മാസം ഒന്‍പതിന് കരാര്‍ ഒപ്പ് വയ്ക്കും. ഇതു സംബന്ധിച്ച കത്ത് കേന്ദ്രം കേരളത്തിന് കൈമാറി.

സ്ഥലമേറ്റെടുപ്പിന് വരുന്ന അധിക തുകയുടെ വിവിഹം കേരളം ഏറ്റെടുക്കുന്നതു സംബന്ധിച്ച് നേരത്തെ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച ഉത്തരവ് ഇതുവരെയും ഇറങ്ങിയിരുന്നില്ല. നടപടികള്‍ വൈകുന്നതില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ശാസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മന്ത്രി ശാസിച്ചത്. ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ നേരിടേണ്ടി വരുമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്കു മുന്നറിയിപ്പു നല്‍കി. ഇതിന് പിന്നാലെയാണ് കേരളത്തിന്റെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്. 

ദേശീയ പാത വികസനത്തിന് കേരളത്തില്‍ കൂടുതല്‍ ചെലവ് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഒരു വിഹിതം സംസ്ഥാനം വഹിക്കാമെന്ന് കേരളം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഉടന്‍ ഉത്തരവ് ഇറക്കാമെന്ന്്‌നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ച പശ്ചാത്തലത്തിലായിരുന്നു നിതിന്‍ ഗഡ്കരിയുടെ ശകാരം.

എന്തുകൊണ്ടാണ് ഇതുവരെ ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ പോയതെന്ന് ഗഡ്കരി ചോദിച്ചിരുന്നു. എത്രയും പെട്ടന്ന് ഉത്തരവിറക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യും. ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതികള്‍ തനിക്കറിയാം. ബുള്‍ഡോസര്‍ കയറ്റി ഇറക്കിയാലെ ഉദ്യോഗസ്ഥര്‍ പഠിക്കുയുള്ളുവെന്നാണോ? ഒരു മുഖ്യമന്ത്രിയെ ഇതേ ആവശ്യത്തിന് നാല് തവണ വരുത്തിയതില്‍ താന്‍ ലജ്ജിച്ചു തലതാഴ്ത്തുവെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com