പിറവം പളളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്, താക്കോല്‍ കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം 

പളളിയുടെ കീഴിലുളള ചാപ്പലുകളുടെ താക്കോല്‍ വികാരിക്ക് കൈമാറാനും ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചു
പിറവം പളളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്, താക്കോല്‍ കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശം 

കൊച്ചി: പിറവം പളളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഹൈക്കോടതി. പളളിയുടെ കീഴിലുളള ചാപ്പലുകളുടെ താക്കോല്‍ വികാരിക്ക് കൈമാറാനും ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചു. പിറവം പളളി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഒന്‍പതാം തീയതി കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞദിവസം പളളിയില്‍ പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞത് സംഘര്‍ഷത്തിന്  ഇടയാക്കിയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പളളിയില്‍ എത്തിയത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഹൈക്കോടതി നിര്‍ദേശപ്രകാരം പളളി കളക്ടര്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കേസില്‍  ഇന്ന് വാദം തുടരുന്നതിനിടെയാണ് പളളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തന്നെയാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ചാപ്പലുകളുടെ താക്കോല്‍ വികാരിക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു.  പളളിയുടെ വസ്തുവകകളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് അധികാരമില്ല. എന്നാല്‍ ഈ വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.

പിറവി പളളിക്ക് കീഴിലുളള 13 ചാപ്പലുകള്‍ ആരാണ് ഭരിക്കുന്നതെന്ന് ഒരാഴ്ചക്കകം അറിയിക്കാന്‍ കളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം എല്ലാ ദിവസവും തര്‍ക്കമുളള പളളികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കുന്നത് പ്രായോഗികമല്ല.സഭാ തര്‍ക്കത്തില്‍ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇരുസഭകളുടെയും മിക്കിമൗസ് കളിക്ക് കൂട്ടുനില്‍ക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com