പെരുമഴ: അഗസ്ത്യവന മേഖലയില്‍ ഉരുള്‍പൊട്ടല്‍; ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കോട്ടൂര്‍ അഗസ്ത്യവന മേഖലയിലെ ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. ഇന്നലെ വൈകിട്ടോടെയാണ് ഉള്‍വനത്തില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടായത്. കാര്യോട് കുമ്പിള്‍മൂട് തോട് കരകവിഞ്ഞൊഴുകി. കോട്ടൂര്‍ ഉള്‍വനത്തിലെ ആദിവാസി ഊരുകളും വനാതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമങ്ങളും ഒറ്റപ്പെട്ടു. 

ശക്തമായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ വെള്ളത്തിലായി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏലിമല, കാഞ്ഞിറങ്ങാട്, വട്ടകുഴി, പട്ടകുടി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വാഴപ്പള്ളി പ്രദേശത്ത് കാട്ടൂര്‍, ചപ്പാത്ത്, ഉത്തരംകോട്, കാരിയോട് പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. 

കാരിയോട് പ്രദേശത്ത് തോടിന് സമീപത്തെ ഏലായിലാണ് വെള്ളം കയറിയത്. പ്രദേശത്ത് വൈദ്യുതിബന്ധം താറുമാറായി. ഇവിടെ എത്തിപ്പെടാനുള്ള റോഡ് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മഴയ്ക്ക് ശമനമാകാത്തതിനെ തുടര്‍ന്ന് നിരവധി പേര്‍ ബന്ധുവീടുകളിലേക്ക് മാറി.

ഊരുകളില്‍ ഒറ്റപ്പെട്ടവരുമായി ബന്ധപ്പെടാന്‍ അധികൃതര്‍ ശ്രമം തുടരുകയാണ്. രാത്രി വൈകിയും പ്രദേശത്ത് മഴ തുടരുന്നതിനാല്‍ തഹസില്‍ദാരും റവന്യൂ വകുപ്പ് അധികൃതരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

ഞായറാഴ്ച രാത്രിയും ഇന്നലെ പകലും തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ നെയ്യാറിലെ വെള്ളം ഉയര്‍ന്നതും തോടുകളും കാട്ടരുവികളും നിറഞ്ഞതുമാണ് ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടാന്‍ കാരണം. ഊരുകളിലെ മിക്ക വീടുകളും പരിസരവും വെള്ളത്താല്‍ ചുറ്റപ്പെട്ട നിലയിലാണ്. കുമ്പിള്‍മൂട് കരിയോട് തോട് നിറഞ്ഞൊഴുകിയതോടെ പരിസരത്തുള്ളവര്‍ ആശങ്കയിലാണ്.  അതേസമയം കോട്ടൂര്‍ ഏലിമലയില്‍ ഉരുള്‍പൊട്ടലോ മറ്റു പ്രതിഭാസമോ ഉണ്ടായെന്നത് പ്രാഥമിക വിവരമാണെന്നും ഇതേപ്പറ്റി കൂടുതല്‍ സ്ഥിരീകരണം ഇപ്പോള്‍ പറയാനാവില്ലെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com