മരട് പുനരധിവാസം: വിഎസിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രിയുടെ ഓഫിസ്

തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകളിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് വിഎസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി.
മരട് പുനരധിവാസം: വിഎസിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റുകളിലെ താമസക്കാരുടെ പുനരധിവാസം സംബന്ധിച്ച് വിഎസ് അച്യുതാനന്ദന്റെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളി. കേസില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 

മരട് ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ പറഞ്ഞത്. 

അനേകം കാരണങ്ങളാല്‍ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുമ്പിലുള്ളപ്പോള്‍ അവരേക്കാള്‍ മുന്‍ഗണനയോ അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നു വിഎസ് ചൂണ്ടിക്കാട്ടി.
 
മരടിലെ ഫ്‌ലാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ലെന്നും വിഎസ് പറഞ്ഞു. 

ഫ്‌ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് നിര്‍മ്മാതാക്കളാണെങ്കിലും ഈ വിഷയത്തില്‍ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നല്‍കുന്നത് സര്‍ക്കാരാണ്. ആ തുക നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്‌ലാറ്റ് തിരികെ നല്‍കുന്നതോടെ മാത്രമേ ഫ്‌ലാറ്റുടമകള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാവുന്നുള്ളു എന്നതിനാല്‍, ഫ്‌ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് മാത്രം നഷ്ടപരിഹാരം നല്‍കുകയും ചെയ്യണം,' എന്നായിരുന്നു വിഎസിന്റെ ആവശ്യം.

എന്നാല്‍ കോടതി വിധി നടപ്പിലാക്കുക സര്‍ക്കാരിന്റെ ചുമതലയാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ്, മറ്റ് വിഷയങ്ങളുമായി ഇതിനെ താരതമ്യം ചെയ്യരുതെന്നും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com