ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വഴിയില്‍ തള്ളേണ്ട, ഒരു കുപ്പിക്ക് വില അഞ്ച്; പദ്ധതിയുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ പണം കൊടുത്ത് ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി വീണ്ടും ഉപയോഗിക്കുന്നതാണ് പദ്ധതി
ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വഴിയില്‍ തള്ളേണ്ട, ഒരു കുപ്പിക്ക് വില അഞ്ച്; പദ്ധതിയുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

തിരുവനന്തപുരം; മദ്യം തീര്‍ന്നാലും ഇനി കുപ്പി വഴിയില്‍ ഉപേക്ഷിക്കേണ്ട. ഒഴിഞ്ഞ കുപ്പികള്‍ക്കും വിലയുണ്ട്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ പണം കൊടുത്ത് ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചുവാങ്ങി വീണ്ടും ഉപയോഗിക്കുന്നതാണ് പദ്ധതി. ഒരു കുപ്പിയ്ക്ക് അഞ്ച് രൂപയാണ് ലഭിക്കുക. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പദ്ധതി മുന്നോട്ടു വെച്ചിരിക്കുന്നത്. സംസ്ഥാനത്ത് മദ്യവ്യാപാരം നിയന്ത്രിക്കുന്ന ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡിന്റേയും അഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ ഉടന്‍ പദ്ധതി നടപ്പാക്കാനാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തീരുമാനം. 

എക്‌സ്റ്റന്റഡ് പ്രൊഡ്യൂസര്‍ റെസ്‌പോണ്‍സിബിളിറ്റിയില്‍(ഇപിആര്‍) പറഞ്ഞിട്ടുള്ള പ്ലാസ്റ്റിക് വേയ്‌സ് മാനേജ്‌മെന്റ് റൂള്‍ 2016 അടിസ്ഥാനമാക്കിയാണ് പദ്ധതി. ഉല്‍പ്പന്നങ്ങള്‍ വിറ്റ് കഴിഞ്ഞാല്‍ അതില്‍ നിന്നുണ്ടാകുന്ന മാലിന്യത്തെ നിര്‍മാതാക്കള്‍ ഏതുരീതിയിലാണ് കൈകാര്യം ചെയ്യേണ്ടത് എന്നാണ് ഇപിആറില്‍ പറയുന്നത്. ഒഴിഞ്ഞ കുപ്പികള്‍ നല്‍കുന്നതിന് പകരം പണം നല്‍കുന്നത്‌ മാലിന്യ ശേഖരണം കൂടുതല്‍ എളുപ്പമാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ബിവറേജസിലൂടെയും കണ്‍സ്യൂമര്‍ഫെഡിലൂടെയും നിരവധി ബ്രാന്‍ഡ് മദ്യങ്ങളാണ് വിറ്റുപോകുന്നത്. പ്ലാസ്റ്റിക്, ഗ്ലാസ് കുപ്പികളിലാണ് മദ്യം എത്തുന്നത്. ജവാന്‍ റം നിര്‍മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് എന്നിവയും പ്ലാസ്റ്റിക് കുപ്പിയിലാണ് എത്തുന്നത്. ആദ്യം പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു ജവാന്‍ റം നിര്‍മിച്ചിരുന്നത്. അന്ന് ദിവസം 500 കെയ്‌സ് മാത്രമാണ് നിര്‍മിക്കാന്‍ സാധിച്ചിരുന്നുള്ളൂ. അതിനാല്‍ പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറുകയായിരുന്നു. ഇപ്പോള്‍ 6000 കെയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാനാവുന്നുണ്ട്. അതിനാല്‍ പ്ലാസ്റ്റിക് കുപ്പിയിലേക്ക് മാറാനാവില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. 

മദ്യക്കുപ്പികള്‍ സിംഗിള്‍ യൂസ് ബോട്ടിലാണോ അതോ മള്‍ട്ടി യൂസാണോ എന്ന് അറിഞ്ഞാല്‍ മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയൊള്ളൂ എന്നാണ് ബിവറേജസ് എംഡി ജി സ്പര്‍ജന്‍ കുമാര്‍ പറയുന്നത്. എന്നാല്‍ പദ്ധതിയെക്കുറിച്ച് അറിഞ്ഞില്ല എന്നാണ് കണ്‍സ്യൂമര്‍ഫെഡ് വൈസ് ചെയര്‍മാന്‍ പിഎം ഇസ്‌മെയില്‍ പറയുന്നത്. 

മദ്യക്കുപ്പികളിലൂടെയുണ്ടാകുന്ന മാലിന്യപ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ബിവറേജസ് മദ്യനിര്‍മാതാക്കളുടെ യോഗം വിളിച്ചിരുന്നു. കുപ്പികള്‍ ശേഖരിച്ച് പുനര്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായിരുന്നു യോഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com