ഒഴുകിയെത്തിയ കുട്ടിയെ രക്ഷിക്കാന്‍ പുഴയില്‍ ചാടി; രക്ഷാപ്രവര്‍ത്തകരെ ഞെട്ടിച്ച് കൂട്ടിക്കെട്ടിയ നിലയില്‍ അമ്മയും മകനും

ശക്തമായ ഒഴുക്കില്‍ ഇരുവരേയും ഒന്നിച്ച് കരക്കെത്തിക്കാന്‍ ശ്രമിച്ച് ബുദ്ധിമുട്ടായതോടെ കുട്ടിയെ യുവതിയുടെ ശരീരവുമായി കെട്ടിയിരുന്നത് അഴിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പുഴയില്‍ ചാടിയ അമ്മയേയും മകനേയും രക്ഷാപ്രവര്‍ത്തകര്‍ സാഹസികമായി രക്ഷപ്പെടുത്തി. കരമനയാറിലെ മങ്കാട്ട് കടവ് പമ്പ് ഹൗസിന് സമീപത്ത് വച്ചാണ് സംഭവം. ശക്തമായ ഒഴുക്കുള്ള പുഴയിലൂടെ കുഞ്ഞ് ഒഴുകി വരുന്നത് കണ്ടാണ് യുവാക്കള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. പിന്നീടാണ് അമ്മയും കൂടെയുണ്ടെന്ന് മനസിലായത്. 

ഇന്നലെ ഉച്ചയോടെയാണ് പമ്പ് ഹൗസ് ജീവനക്കാരായ പ്രിയനും സജിത്തും സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയിലാണ് കുട്ടി പുഴയിലൂടെ ഒഴുകി വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പ്രിയന്റെ സുഹൃത്ത് അനിക്കുട്ടന്‍ പുഴയില്‍ചാടി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് കുട്ടിക്കൊപ്പം യുവതിയുള്ളത് മനസിലാവുന്നത്. 

ശക്തമായ ഒഴുക്കില്‍ ഇരുവരേയും ഒന്നിച്ച് കരക്കെത്തിക്കാന്‍ ശ്രമിച്ച് ബുദ്ധിമുട്ടായതോടെ കുട്ടിയെ യുവതിയുടെ ശരീരവുമായി കെട്ടിയിരുന്നത് അഴിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പമ്പ് ഹൗസ് ജീവനക്കാരനായ പ്രിയനും സജിത്തും സുഹൃത്തുക്കളായ സജിയും അഭിലാഷും കൂടി നീന്തിയെത്തി ഇവരെ ഒടുവില്‍ കരക്കെത്തിക്കുകയായിരുന്നു. 

കുട്ടിയെ കരക്ക് എത്തിക്കുമ്പോള്‍ ബോധമുണ്ടായിരുന്നു. എന്നാല്‍ യുവതി പ്രാഥമിക ചികിത്സക്ക് ശേഷമാണ് ബോധം വീണ്ടെടുത്തത്. മലയിന്‍കീഴ് പൊലീസെത്തി ഇരുവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടുള്ള അന്വേഷണത്തിലാണ് ഇവര്‍ അമ്മയും മകനുമാണെന്ന് തിരിച്ചറിയുന്നത്. പമ്പ് ഹൗസില്‍ നിന്നും ഏറെ അകലെ അല്ലാത്ത ആറാട്ടു കടവില്‍ വച്ചാണ് യുവതി മകനെയും കൊണ്ടു പുഴയില്‍ ചാടിയതെന്നാണ് സംശയം.  ഈ പരിസരത്ത് നിന്ന് യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്.

ധരിച്ചിരുന്ന ചുരിദാറിന്റെ ഷാള്‍ കൊണ്ടാണ് യുവതി കുട്ടിയെ വയറിനോട് ചേര്‍ത്ത് കെട്ടിയിരുന്നത്. മലയോര മേഖലകളില്‍ തിങ്കളാഴ്ച രാത്രി ശക്തമായ മഴ പെയ്തതിനാല്‍ പേപ്പാറ ഡാം തുറന്നിരുന്നു. ഇതോടെ കരമനയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് സുഹൃത്തുക്കളായ പ്രിയന്‍, സജി, അനിക്കുട്ടന്‍, അഭിലാഷ്, സജിത്ത് എന്നിവര്‍ യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com