ബിഡിജെഎസ് എന്‍ഡിഎ വിടില്ല; നിലപാടു വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അത് മാനിക്കപ്പെടണം
അമിത് ഷായും തുഷാര്‍ വെള്ളാപ്പള്ളിയും-ഫയല്‍ ചിത്രം
അമിത് ഷായും തുഷാര്‍ വെള്ളാപ്പള്ളിയും-ഫയല്‍ ചിത്രം

കൊച്ചി: ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ഉപതെരഞ്ഞെടുപ്പുകളില്‍ അഞ്ചു മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് തുഷാര്‍ പറഞ്ഞു. ബിഡിജെഎസിന് മൂന്നു മുന്നണികളും ഒരുപോലെയാണെന്ന, പാര്‍ട്ടി വൈസ് പ്രസിഡന്റ് ടിവി ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇന്നലെ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുഷാര്‍ നിലപാട് വ്യക്തമാക്കിയത്. 

''ബിഡിജെഎസ് എന്‍ഡിഎയില്‍ ഉറച്ചുനില്‍ക്കും. ബിജെപിയുടെ പ്രവര്‍ത്തന ശൈലിയില്‍ ബിഡിജെഎസിന് അതൃപ്തിയുണ്ടെന്നതു ശരിയാണ്. അതു ചര്‍ച്ചകളിലൂടെ പരിഹരിക്കും. കേരള എന്‍ഡിഎയില്‍ സമഗ്രമായ ഒരു അഴിച്ചുപണി വേണം. അതിലൂടെ മുന്നണിയെ ശക്തിപ്പെടുത്താനാവും.'' തുഷാര്‍ പറഞ്ഞു.

താന്‍ പദവി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് തുഷാര്‍ പറഞ്ഞു. എന്നാല്‍ എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അത് മാനിക്കപ്പെടണം.അടുത്തയാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളും അവിടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തുഷാര്‍ പറഞ്ഞു.

അരൂരിലും കോന്നിയിലും ബിഡിജെഎസിന് ശക്തമായ സാന്നിധ്യമുണ്ട്. അതു ബിജെപി സ്ഥാനാര്‍ഥിക്കു ഗുണം ചെയ്യും. ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും താന്‍ പ്രചാരണത്തിന് എത്തുമെന്നും തുഷാര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com