വീട്ടില്‍ പോലും കയറ്റാത്ത സ്ത്രീകളെ സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റി ; വിശ്വാസി സമൂഹം പ്രതികരിക്കുമെന്ന് പി മോഹന്‍രാജ്

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നീചമായ  പ്രവൃത്തി സുവര്‍ണാവസരമായിട്ടാണ് ബിജെപി കരുതിയത്
വീട്ടില്‍ പോലും കയറ്റാത്ത സ്ത്രീകളെ സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റി ; വിശ്വാസി സമൂഹം പ്രതികരിക്കുമെന്ന് പി മോഹന്‍രാജ്

പത്തനംതിട്ട : ശബരിമലയിലെ വിശ്വാസത്തെ ഇടതു സര്‍ക്കാര്‍ തകര്‍ത്തെന്ന് കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ്. വീട്ടില്‍ പോലും കയറ്റാത്ത സ്ത്രീകളെ സര്‍ക്കാര്‍ ശബരിമലയില്‍ കയറ്റി. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ വിശ്വാസി സമൂഹം പ്രതികരിക്കുമെന്നും പി മോഹന്‍ രാജ് വ്യക്തമാക്കി. 

നവോത്ഥാനമെന്ന പേരിട്ടുകൊണ്ട് വീട്ടില്‍ പോലും കയറ്റാത്ത, ഭര്‍ത്താവിനും അമ്മായി അമ്മയ്ക്കും മക്കള്‍ക്കും വേണ്ടാത്ത സ്ത്രീയെ ഒരു ഐജിയുടെ നേതൃത്വത്തില്‍ 400 ലേറെ പൊലീസുകാരുടെ അകമ്പടിയോടെ ശബരിമലയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. 

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ കൈക്കൊണ്ട നീചമായ  പ്രവൃത്തി സുവര്‍ണാവസരമായിട്ടാണ് ബിജെപി കരുതിയത്. പാര്‍ട്ടി ഫോറത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞത് പുറത്തുവന്നിരുന്നു. ശബരിമലയിലെ വിശ്വാസവും സമാധാനാന്തരീക്ഷവും തകര്‍ക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിച്ചതെന്ന് വിശ്വാസി സമൂഹം തിരിച്ചറിയുമെന്നും പി മോഹന്‍രാജ് പറഞ്ഞു. ഇതോടെ കോന്നിയില്‍ ശബരിമല ഉപതെരഞ്ഞെടുപ്പിലും മുഖ്യപ്രചാരണ വിഷയമായി മാറുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com